കുറ്റ്യാടി : അധികാരത്തിലെത്താൻ എൽ.ഡി.എഫും യു.ഡി.എഫും പച്ചയായ വർഗീയ പ്രീണനരാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വിജയ യാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാർഷ്ഠ്യവും അഹങ്കാരവുമാണ് പിണറായി വിജയന്റെ മുഖമുദ്ര. ലീഗും പാണക്കാട് തങ്ങളും പറയുന്നതിലപ്പുറം കോൺഗ്രസിന്ന് മറിച്ചൊരു നിലപാടില്ല. യു.ഡി. എഫിന് 130 സീറ്റ് കിട്ടിയാലും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകില്ല. ഭൂരിപക്ഷത്തെ തഴഞ്ഞുള്ള വർഗീയപ്രീണനമാണിതിന് കാരണം. മലബാർ സംസ്ഥാനം േവണമെന്ന ഒരു സംഘടനയുടെ ആവശ്യത്തെപ്പറ്റി മുഖ്യമന്ത്രിയും കോൺഗ്രസും നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ജാഥാലീഡർ കെ. സുരേന്ദ്രന് കുറ്റ്യാടിമണ്ഡലം സെക്രട്ടറി ഒ.പി. മഹേഷ്, ടി.വി. ഭരതൻ എന്നിവർ ചേർന്ന് വാളും പരിചയും സമ്മാനിച്ചു. വിജയ യാത്രയ്ക്ക് കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിലെ സംയുക്ത സ്വീകരണമാണ് കുറ്റ്യാടിയിൽ നടന്നത്. രാമദാസ് മണലേരി അധ്യക്ഷനായി. ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, നിവേദിത എന്നിവർ സംസാരിച്ചു.