ബാലുശ്ശേരി : മലയോര മേഖലയിലെ ഭൂനികുതി സ്വീകരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കാന്തലാട് വില്ലേജിലെ കർഷകർ 25 മുതൽ കാന്തലാട് വില്ലേജ് ഓഫീസിനുമുമ്പിൽ അനിശ്ചിതകാല കുടികിടപ്പു സത്യാഗ്രഹം നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിലെ കാന്തലാട്, ചക്കിട്ടപാറ, കായണ്ണ വില്ലേജുകളിലെ ഭൂനികുതി സ്വീകരിക്കുന്നതിനുള്ള സർക്കാർ ഉന്നതതലയോഗ തീരുമാനങ്ങൾ കാന്തലാട് ഒഴികെയുള്ള മറ്റ് വില്ലേജുകളിൽ നടപ്പാക്കിയിരുന്നു. എന്നാൽ, കാന്തലാട് വില്ലേജിൽ മാത്രം ഒരുകൊല്ലം പിന്നിട്ടിട്ടുപോലും ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് കർഷകകുടുംബങ്ങൾ വ്യാഴാഴ്ചമുതൽ കാന്തലാട് വില്ലേജിനുമുമ്പിൽ കുടികിടപ്പുസമരം ആരംഭിക്കുന്നത്

മലയോര കർഷക ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടക്കുക. നാല്പത് കർഷകകുടുംബങ്ങളാണ് സത്യാഗ്രഹസമരമിരിക്കുക. സർക്കാർ ഉത്തരവ് നടപ്പാക്കാൻ കാന്തലാട് വില്ലേജ് ഓഫീസർ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു സമരം നടത്തേണ്ടിവന്നതെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഒ.ഡി. തോമസ്, പത്മനാഭൻ കെ., പി. അഹമ്മത്, സാബു വർഗീസ് എന്നിവർ പങ്കെടുത്തു.