കോടഞ്ചേരി : കോടഞ്ചേരി വട്ടച്ചിറ ആദിവാസി കോളനിയിൽ മാവോവാദികളെത്തി. ഈ മാസം പതിനാറാം തീയതിയാണ് ബാബുവിന്റെ വീട്ടിൽ ആയുധധാരികളായ മാവോവാദി സംഘമെത്തിയത്.

വൈകീട്ട് ഏഴുമണിയോടെ എത്തിയ മൂന്നംഗ സംഘം തങ്ങൾ മാവോവാദികളാണെന്ന് സ്വയം പരിചയപ്പെടുത്തി. പ്രദേശത്ത് കുടിവെള്ള പ്രശ്നമുണ്ടോ എന്ന് അന്വേഷിച്ച സംഘം മനോജ്, രാജ, വർഗീസ് എന്നാണ് തങ്ങളുടെ പേരുകളെന്നും വ്യക്തമാക്കി. അഞ്ച് കിലോ അരി, കുറച്ച്‌ തക്കാളി എന്നിവ ഇവർ കൊണ്ടുപോയി.

കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോട്ടോ കാണിച്ചതിൽ നിന്ന് ജയണ്ണ, കോട്ട ഹോണ്ട രവി, സന്തോഷ്‌ എന്നിവരാണ് കോളനിയിലെത്തിയതെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.