കോഴിക്കോട്: 24 ഗ്രാം ഹാഷിഷ് ഓയിലുമായി യുവതിയടക്കം നാലുപേരെ മെഡിക്കൽ കോളേജ് പോലീസ് പിടികൂടി. ചേവരമ്പലം ഇടശ്ശേരി മീത്തൽ വീട്ടിൽ ഹരികൃഷ്ണ (24), ചേവായൂർ വാകേരി വീട്ടിൽ ആകാശ് (24), ചാലപ്പുറം കോവിലകം പറമ്പ് പി.ആർ. രാഹുൽ (24), മലപ്പുറം താനൂർ കുന്നുപുറത്ത് വീട്ടിൽ ബിജിലാസ് (24) എന്നിവരെയോണ് വെള്ളിയാഴ്ച പുലർച്ചെ അറസ്റ്റുചെയ്തത്.

രാത്രി പട്രോളിങ്ങിനിടെ ഒന്നരമണിക്ക്‌ മിംസ് ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിന് പിറകുവശത്ത് റോഡരികിൽ സംശയാസ്പദസാഹചര്യത്തിൽ കണ്ട യുവതിയേയും മൂന്ന് യുവാക്കളെയും ചോദ്യംചെയ്യുകയും ഹരികൃഷ്ണന്റെ കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിക്കുകയും ചെയ്തപ്പോഴാണ് നാലുചെറിയ പ്ലാസ്റ്റിക് കുപ്പികളിലായി 24 ഗ്രാം ഹാഷീഷ് ഓയിൽ പിടിച്ചെടുത്തത്. ഇവരുടെ രണ്ട് സ്കൂട്ടറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഹാഷിഷ് ഓയലിന് 25,000 രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.

മെഡിക്കൽ കോളേജ് എ.എഎസ്.ഐ. എം.പി. പ്രവീൺകുമാർ, ഹോംഗാർഡ് രതീഷ്‌കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇൻസ്പെക്ടർ ബെന്നിലാലുവിന്റെ മേൽനോട്ടത്തിൽ എസ്.ഐ.എ. രമേഷ്‌കുമാർ അന്വേഷണം തുടങ്ങി.