ഉള്ളിയേരി : മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിമ ജന്മദേശമായ ഉള്ളിയേരിയിൽ ഗ്രാമപ്പഞ്ചായത്ത് അങ്കണത്തിൽ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ അനാച്ഛാദനം ചെയ്തു. പുരുഷൻ കടലുണ്ടി എം.എൽ.എ. മുഖ്യാതിഥിയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവിൽ അധ്യക്ഷനായി. മികച്ച ഗാനരചയിതാവിനുള്ള ഏഴോളം സംസ്ഥാനസർക്കാർ പുരസ്കാരങ്ങൾ ലഭിച്ച ഗിരീഷ് പുത്തഞ്ചേരി രണ്ടായിരത്തിഅഞ്ഞൂറോളം ഗാനങ്ങളും അതിലുപരിയായി പ്രസിദ്ധപ്പെടുത്താത്ത ഒട്ടനവധി കവിതകളും മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. മലയാളികളുടെ ചുണ്ടുകളിൽ എന്നും തത്തിക്കളിക്കുന്ന ഒട്ടേറെ ഗാനങ്ങൾ നൽകിയ പ്രിയകവിക്ക്‌ ജന്മനാടിന്റെ ആദരവായാണ് ഉള്ളിയേരി പഞ്ചായത്ത് ഭരണസമിതി പ്രതിമ പണികഴിപ്പിച്ചത്. ഉള്ളിയേരിയിലെ പുത്തഞ്ചേരിയിൽ ജ്യോതിഷ വൈദ്യപണ്ഡിതനായ പുളിക്കൂൽ കൃഷ്ണ പ്പണിക്കരുടെയും കർണാടകസംഗീത വിദുഷിയായ മീനാക്ഷി അമ്മയുടെയും മകനാണ് ഗിരീഷ് പുത്തഞ്ചേരി.

ഉള്ളിയേരി ഗ്രാമത്തിന്റെയും പുത്തഞ്ചേരിക്കാരുടെയും സ്വകാര്യ അഹങ്കാരമായിരുന്ന അദ്ദേഹത്തിന് നാടിന്റെ ആദരം നൽകാൻ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാട്ടുകാർ എത്തിയിരുന്നു. ശില്പി സതീഷ് ബാബു കോതങ്കലാണ് ഒരുമാസക്കാലമെടുത്ത് ഗിരീഷ് പുത്തഞ്ചേരിയുടെ അർധകായപ്രതിമ പൂർത്തീകരിച്ചത്.

ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ അദ്ദേഹത്തെ ഉപഹാരം നൽകി അനുമോദിച്ചു. ചന്ദ്രിക പൂമഠത്തിൽ, പി. ഷാജി, ബിന്ദു കളരിയുള്ളതിൽ, സി.കെ. രാമൻകുട്ടി, സുജാത നമ്പൂതിരി, എ. ഇന്ദു, ഒള്ളൂർ ദാസൻ എന്നിവർ സംസാരിച്ചു.