ബേപ്പൂർ

: ബേപ്പൂരിൽനിന്ന് ആഴക്കടലിൽ ബോട്ടുമായി മീൻപിടിക്കാൻ പോയി രണ്ടരമാസമായിട്ടും കണ്ടെത്താത്ത 16 മത്സ്യത്തൊഴിലാളികളിൽ തമിഴ്നാട്ടിലെ 12 പേരുടെ കുടുംബങ്ങൾക്ക് 20 ലക്ഷംവീതം നഷ്ടപരിഹാരം. തമിഴ്നാട് സർക്കാരാണ് തുക നൽകിയത്. ബംഗാളിൽനിന്നുള്ള നാലുപേരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചു തീരുമാനമായിട്ടില്ല.

‘അജ്മീർഷാ’ എന്ന ബോട്ടിൽ മേയ് അഞ്ചിനാണ് മത്സ്യബന്ധനത്തിന് ബേപ്പൂരിൽനിന്ന് 16 പേരും യാത്രതിരിച്ചത്. കോസ്റ്റ്ഗാർഡ് കപ്പലുകളും ഡോർനിയർ വിമാനവും നിരന്തരമായി തിരച്ചിൽനടത്തിയിട്ടും ബോട്ടോ, മത്സ്യത്തൊഴിലാളികളെയോ കണ്ടെത്താനായില്ല. മേയ് 23-ന് ബോട്ടുടമ ബേപ്പൂർ സ്വദേശി കുണ്ടുതൊടി ഷംസുദ്ദീന്റെ പരാതിപ്രകാരം ബേപ്പൂർ കോസ്റ്റൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും മത്സ്യത്തൊഴിലാളികളെക്കുറിച്ച് ഒരുവിവരവും ലഭിച്ചില്ല.

കാണാതായവരിൽ 12 പേർ തമിഴ്നാട്ടിലെ കൊളച്ചൽ, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് തക്കതായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സൗത്ത് ഏഷ്യൻ ഫിഷർമെൻ ഫ്രെറ്റേണിറ്റി ജനറൽ സെക്രട്ടറി ഫാ: എ. ചർച്ചിലും ഓൾകേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കരിച്ചാലി പ്രേമനും അധികൃതരിൽ നിരന്തരമായ സമ്മർദംചെലുത്തിയിരുന്നു. ഇവർ മത്സ്യത്തൊഴിലാളികളുടെ വീടുകൾ സന്ദർശിക്കുകയും ചെയ്തു. തൊഴിലാളികളെ കണ്ടെത്തുകയാണെങ്കിൽ തുക തിരിച്ചുനൽകണമെന്ന് വ്യവസ്ഥയുണ്ട്.

കന്യാകുമാരി ജില്ലാ കളക്ടറും പ്രശ്നത്തിൽ ഇടപെട്ടത്തിനെത്തുടർന്നാണ് 20 ലക്ഷം വീതം നഷ്ടപരിഹാരം നൽകിയത്. തമിഴ്നാട് സർക്കാർ തീരുമാനമെടുക്കുന്നതിനു മുന്നോടിയായി ബേപ്പൂർ കോസ്റ്റൽ പോലീസ് എസ്.ഐ.മാരായ രജിത്കുമാർ, അപ്പുട്ടി, എ.എസ്.ഐ. വിനോദൻ എന്നിവർ തമിഴ്നാട്ടിലെ കാണാതായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സന്ദർശിച്ച് മൊഴിയെടുത്തിരുന്നു.

12 മത്സ്യത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തുകയായ 2.4 കോടി രൂപ ചെക്കായി തമിഴ്നാട് ഫിഷറീസ് മന്ത്രി അനിതാരാധാകൃഷ്ണൻ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക് കൈമാറി. വിവരസാങ്കേതികവകുപ്പ് മന്ത്രി മനോതങ്കരാജ്, കന്യാകുമാരി ജില്ലാ കളക്ടർ അരവിന്ദ്, എം.എൽ.എ.മാരായ എ.വി. പ്രിൻസ്, രാജേഷ് കുമാർ, മുൻ എം.എൽ.എ. സുരേഷ് രാജൻ, ഓസ്റ്റിൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.