കോഴിക്കോട് : കാർഷിക ആരോഗ്യമേഖലകൾക്ക് പ്രാധാന്യം നൽകി ജില്ലാപഞ്ചായത്ത് ബജറ്റ്. നെൽക്കൃഷി വികസനത്തിനായി കതിരണി- തരിശുരഹിത ജില്ല, പ്രവാസി പാട്ടക്കൃഷി എന്നീ പദ്ധതികൾ നടപ്പാക്കും. ഗോവർധൻ പദ്ധതിയുടെ സഹായത്തോടെ ഫാമുകളിൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും.
വടകരയിലെ ജില്ലാ ആശുപത്രിക്ക് പുതിയ ബ്ലോക്ക് നിർമിക്കുന്നതിന് 98.5 കോടി രൂപയും ഡയാലിസിസ് യൂണിറ്റിന് 2.11 കോടി രൂപയും പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയിലൂടെ നീക്കിവെച്ചു. 263,98,28,491 രൂപ വരവും 256,32,57,000 രൂപ ചെലവും 7,65,71,491 രൂപ മിച്ചവുമുള്ള ബജറ്റാണ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ അവതരിപ്പിച്ചത്. പ്രസിഡന്റ് കാനത്തിൽ ജമീല അധ്യക്ഷയായി.
വ്യവസായ വികസനത്തിന് ഇന്നൊവേറ്റേഴ്‌സ് മീറ്റ്, മത്സ്യമേഖലയിലെ വിനോദസഞ്ചാരത്തിനായി മത്സ്യസഞ്ചാരി പദ്ധതി, വനിതാ തൊഴിൽസേന, കുടുംബശ്രീയുടെ ഒറ്റ അടുക്കള പദ്ധതി, ഹൈടെക് അങ്കണവാടികൾക്കായി ക്രാഡിൽ പദ്ധതി, സ്റ്റുഡന്റ് പാലിയേറ്റീവ് യൂണിറ്റുകൾ, ട്രാൻസ് ജെൻഡറുകൾക്ക് തൊഴിൽ പരിശീലനം, തൊഴിൽ സംരംഭം, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായധനം തുടങ്ങിയവയാണ് ശ്രദ്ധേയമായ പദ്ധതികൾ.
പദ്ധതികൾ, വിഹിതം
കാർഷികമേഖലയ്ക്കായി 4.65 കോടി രൂപ നെൽക്കൃഷിവികസനം, ഫാമുകളുടെയും തിക്കോടി തെങ്ങിൻ തൈ വളർത്തുകേന്ദ്രത്തിന്റെയും വികസനം. ഗോവർധൻ ബയോഗ്യാസ് പ്ലാന്റുകൾക്കായി 50 ലക്ഷം.
മൃഗസംരക്ഷണത്തിന് മൂന്നുകോടി ക്ഷീരവികസനത്തിന് രണ്ടരക്കോടി. മുട്ടഗ്രാമം, പശുഗ്രാമം പദ്ധതികൾ നടപ്പാക്കും. മത്സ്യമേഖലയ്ക്കായി 35 ലക്ഷം .
വ്യവസായ മേഖലയ്ക്കായി രണ്ടുകോടി വിദ്യാഭ്യാസത്തിന് 5.25 കോടിരൂപ എജ്യുകെയർ പദ്ധതി തുടരും. കുടിവെള്ളത്തിനും ശുചിത്വത്തിനും 2.75 കോടി രൂപ.പ്രസവ, പാലിയേറ്റീവ് പരിചരണത്തിന് സ്ത്രീകൾ. വനിതകൾക്ക് പരിശീലനം നൽകി തൊഴിൽസേന .
വനിതാശിശുക്ഷേമവികസനത്തിനായി നാലുകോടി . വയോജനക്ഷേമത്തിന് ഒരു കോടി ചെറുവണ്ണൂർ പകൽവീട് പൂർത്തിയാക്കും. ചെങ്ങോട്ടുകാവ് സായംപ്രഭ ഹോമിന് സഹായം .
ഹയർസെക്കൻഡറി തലത്തിൽ സ്റ്റുഡന്റ് പാലിയേറ്റീവ് യൂണിറ്റുകൾ.
ലൈഫ് പദ്ധതിക്കായി 12 കോടി കലാസാംസ്കാരിക കായിക മേഖലയ്ക്കായി 62 ലക്ഷം.
സൗരോർജപദ്ധതികൾക്ക് ഒരു കോടി .
സ്നേഹസ്പർശം, സാന്ത്വനം പദ്ധതികൾ തുടരും. എച്ച്.ഐ.വി. ബാധിതർക്ക് പോഷകാഹാരം, പഠന-പെരുമാറ്റ വൈകല്യങ്ങൾ തുടക്കത്തിലേ കണ്ടെത്താൻ അങ്കണവാടി അധ്യാപികമാർക്ക് പരിശീലനം.
ആരോഗ്യമേഖലയ്ക്ക് 3.6 കോടി . പൊതുമരാമത്ത് പണികൾക്കായി 70.62 കോടി , ആസ്തിവികസനത്തിന് 11.9 കോടി .
പട്ടികജാതി ക്ഷേമത്തിന് 12 കോടി, പട്ടികവർഗമേഖലയ്ക്കായി 74.87 ലക്ഷം .