കോഴിക്കോട് : സ്വകാര്യമേഖലയിൽ സ്ത്രീകൾ നേരിടുന്നത് കനത്ത തൊഴിൽ ചൂഷണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. കുറഞ്ഞ വേതനത്തിൽ കൂടുതൽ തൊഴിലെടുപ്പിക്കാനായി പല കമ്പനികളും സ്ത്രീകളെ കൂടുതലായി നിയമിക്കുന്നുണ്ട്.
ചാരിറ്റബിൾ കൾച്ചറൽ അസോസിയേഷന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഒരു സ്കൂളിലെ ആറ് അധ്യാപകർ പരാതിയുമായി എത്തിയ സംഭവത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു ഇവർ.
സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തിയ മാനേജ്മെന്റ് പ്രതിനിധി ഇവരെ തൊഴിൽപരമായി ചൂഷണം ചെയ്യുകയാണെന്നാണ് പരാതി. സ്കൂൾസമയം കഴിഞ്ഞാലും അവധി ദിവസങ്ങളിലുമെല്ലാം നിരന്തരമായി യോഗം ചേരുകയും കൂടുതൽ ജോലികൾ ഏൽപ്പിക്കുകയും ചെയ്യും. ഇതുകൂടാതെ 19 മുതൽ 25 വർഷംവരെ ജോലിചെയ്ത ഈ അധ്യാപികമാർക്ക് നിലവിൽ ശമ്പളം 12,000രൂപ മാത്രമാണ്. പരാതി നൽകാതെ തന്നെ ഇവരോടൊപ്പമെത്തിയ സ്കൂളിലെ പ്രധാന അധ്യാപികയും കമ്മിഷനിൽ സ്കൂളിൽ നേരിടുന്ന തൊഴിൽ ചൂഷണത്തെക്കുറിച്ച് വ്യക്തമാക്കി. 15,000 രൂപയാണ് ഇവർക്കുള്ള ശമ്പളം. എന്നാൽ കോവിഡിനെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതൽ ഇവർക്ക് ശമ്പളവും നൽകുന്നില്ല. സ്ത്രീകൾക്ക് ജോലിചെയ്യാൻ സാധിക്കാത്ത അന്തരീക്ഷമാണ് നിലവിൽ സ്കൂളിലെന്നും അധ്യാപികമാർ പറഞ്ഞു. സ്കൂളിൽ ഒരു ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി രൂപവത്കരിച്ച് ഉടൻ അറിയിക്കണമെന്ന് വനിതാ കമ്മിഷൻ പ്രധാന അധ്യാപികയ്ക്ക് നിർദേശം നൽകി. ഇതുകൂടാതെ സ്കൂൾ മാനേജ്മെന്റിനോട് അടുത്ത കമ്മിഷനിൽ ഹാജരാവാൻ ആവശ്യപ്പെടും.
വനിതാകമ്മിഷൻ മെഗാ അദാലത്തിൽ 56 പരാതികളാണ് കമ്മിഷൻ പരിഗണിച്ചത്. അതിൽ 11 എണ്ണത്തിന് പരിഹാരമായി. ഏഴെണ്ണത്തിൽ പോലീസിൽനിന്ന് റിപ്പോർട്ടിനായി ആവശ്യപ്പെട്ടു. ബാക്കി അടുത്ത കമ്മിഷനിലേക്ക് മാറ്റി.
കമ്മിഷൻ അംഗങ്ങളായ എം.എസ്. താര, ഷിജി ശിവജി, ഡോ. ഷാഹിദ കമാൽ എന്നിവർ പങ്കെടുത്തു.
മേഖലാ ഓഫീസ് ഉദ്ഘാടനം ഇന്ന്
വനിതാ കമ്മിഷൻ കോഴിക്കോട് മേഖലാ ഓഫീസ് ഉദ്ഘാടനം രജത ജൂബിലി ആഘോഷങ്ങളുടെ വിളംബരവും ചൊവ്വാഴ്ച നടക്കും. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലാണ് ഓഫീസ്. സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിലുള്ള ജില്ലക്കാർക്കായാണിത്. നിലവിൽ പരാതി സ്വീകരിക്കാനുള്ള സംവിധാനമാണിവിടെയുള്ളത്. മൂന്ന് ജീവനക്കാരെ നിയമിക്കും.