വേളം : വേളത്ത് കാട്ടുമൃഗങ്ങളുടെ വിളയാട്ടം നെൽവയലുകളിലേക്കും. നാട്ടിൻപുറങ്ങളിലെ കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങൾ താവളമാക്കിയ കാട്ടുപന്നി അടക്കമുള്ള മൃഗങ്ങൾ വയലുകളിലിറങ്ങി നെൽക്കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. നിർദിഷ്ട മണിമല നാളികേര പാർക്കിനായി കണ്ടെത്തിയ 115 ഏക്കർ സ്ഥലം പൂർണമായും കാടുമൂടി കിടക്കുകയാണ്. കാട്ടുപന്നികൾ, മുള്ളൻപന്നികൾ, കുരങ്ങുകൾ എന്നിവയുടെ വിഹാരകേന്ദ്രമായി പ്രദേശം മാറിയിരിക്കുകയാണ്. ഇവിടെനിന്ന് രാത്രിയെന്നൊ പകലെന്നൊ ഭേദമില്ലാതെ ഇറങ്ങുന്ന കാട്ടുമൃഗങ്ങൾ കൂട്ടത്തോടെ വയലുകളിലെ കൃഷി നശിപ്പിക്കുകയാണ്.
കമ്മന ശങ്കരൻ, അരീക്കൽ ഒതേനൻ, സാദത്ത് ചെറിയാണ്ടി, പുതിയെടുത്ത് പവിത്രൻ എന്നിവരുടെ പെരുവയൽ അടിവയൽ പാടശേഖരത്തിലെ നെൽക്കൃഷി കഴിഞ്ഞദിവസങ്ങളിലായി കാട്ടുപന്നികൾ നശിപ്പിച്ചു. കാട്ടുമൃഗങ്ങൾ പാടത്തേക്ക് ഇറങ്ങി നെൽക്കൃഷി നശിപ്പിക്കുന്ന പ്രവണതയ്ക്ക് പരിഹാരംകാണണമെന്ന് അടിവയൽ പാടശേഖരസമിതി സെക്രട്ടറി പി.കെ. ദാമോദരൻ ആവശ്യപ്പെട്ടു.