വടകര : മണിയൂർ കുറുന്തോടിയിലെ സഹകരണ എൻജിനിയറിങ് കോളേജിന്റെ മേൽക്കൂരയിൽനിന്ന് കെ.എസ്.ഇ.ബി. ഇനി 190 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഇതിനായി കോളേജ് കെട്ടിടങ്ങളിലെ മേൽക്കൂരകളിൽ 572 സൗരോർജ പാനലുകൾ സ്ഥാപിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതി കമ്മിഷൻചെയ്യാൻ സാധിക്കുമെന്ന് സൗര പ്രോജക്ട് നോർത്തേൺ റീജൻ എക്‌സിക്യുട്ടീവ് എൻജിനിയർ കെ. അയ്യൂബ് പറഞ്ഞു.
അയ്യൂബിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച സ്ഥലത്തെത്തി അവസാനഘട്ട പരിശോധനകൾ നടത്തി. കോളേജ് പ്രിൻസിപ്പൽ ഒ.എ. ജോസഫുമായും സംഘം സംസാരിച്ചു. പ്രവൃത്തികളെല്ലാം പൂർത്തിയായതായി സംഘം വ്യക്തമാക്കി. 76.17 ലക്ഷംരൂപ ചെലവഴിച്ചാണ് കെ.എസ്.ഇ.ബി. സൗര ഫേസ് വൺ പ്രകാരം ഇവിടെ സൗരോർജപദ്ധതി ആവിഷ്‌കരിച്ചത്. വലിയ പദ്ധതികളിലൂടെ 50 മെഗാവാട്ട് വൈദ്യുതി കേരളമാകെ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഫേസ് വൺ പദ്ധതി. ഇതിൽ വടകര മേഖലയിലെ ഏറ്റവുംവലിയ പദ്ധതിയാണ് മണിയൂർ എൻജിനിയറിങ് കോളേജിലേത്.
ഒരു ദിവസം 760 യൂണിറ്റ് വൈദ്യുതി
എൻജിനിയറിങ് കോളേജിലെ സൗരോർജപാനലിൽനിന്ന് ഒരുദിവസം ഉത്പാദിപ്പിക്കുക 760 യൂണിറ്റ് വൈദ്യുതിയാണ്. ഇതിന്റെ 10 ശതമാനം വൈദ്യുതി കോളേജിന് നൽകും. ബാക്കിയുള്ളവ ഗ്രിഡ് വഴി കെ.എസ്.ഇ.ബി. വിതരണംചെയ്യും. ഇതിനുള്ള സംവിധാനമെല്ലാം പൂർത്തിയായി. നിലവിലുള്ള വൈദ്യുതിലൈൻ വഴി തന്നെയാണ് സൗരോർജ വൈദ്യുതിയും വിതരണംചെയ്യുക. ഏതാണ്ട് 70-ഓളം വീട്ടുകാർക്ക് ആവശ്യമായ വൈദ്യുതി ഇവിടെ നിന്ന് ഉത്‌പാദിപ്പിക്കാൻ സാധിക്കും.
കോളേജിലെ എല്ലാ കെട്ടിടങ്ങളിലെയും മേൽക്കൂരയിലും പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ടാറ്റയാണ് പ്രവൃത്തി നടത്തിയത്. ഉയർന്ന പ്രദേശത്താണ് എൻജിനിയറിങ് കോളേജ് നിൽക്കുന്നത്. അതുകൊണ്ടുതന്നെ തടസ്സങ്ങളില്ലാതെ സൂര്യപ്രകാശം കിട്ടുന്നുണ്ട്. ഇത് കണക്കിലെടുത്താണ് കെ.എസ്.ഇ.ബി. എൻജിനിയറിങ് കോളേജിനെ ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. വളയം ബി.എസ്.എഫ്. കേന്ദ്രത്തിലും മറ്റുചില വിദ്യാഭ്യാസകേന്ദ്രങ്ങളിലും ഈ പദ്ധതിപ്രകാരംതന്നെ സരോർജം ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കി. വടകര സബ് ഡിവിഷൻ അസി. എക്‌സിക്യുട്ടീവ് എൻജിനിയർ ഉത്രസേനൻ, അസി. എൻജിനിയർമാരായ എ.ജി. രാജേഷ് കുമാർ, ദ്വിപിൻദാസ്, എം. ഷബീർ, സബ് എൻജിനിയർമാരായ ദിനേഷ്, സജിൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ട്രയൽ റൺ 10 ദിവസത്തിനകം
ഇനി കടലാസുപണികൾ മാത്രമാണ് പൂർത്തിയാകാനുള്ളത്. ഇത് വൈകാതെതന്നെ പൂർത്തിയാക്കി 10 ദിവസംകൊണ്ട് ട്രയൽ റൺ നടത്താനാണ് ലക്ഷ്യമിടുന്നത്.
കെ. അയ്യൂബ് (എക്‌സിക്യുട്ടീവ് എൻജിനിയർ, സൗര പ്രോജക്ട്, നോർത്തേൺ റീജൻ)