കൂട്ടാലിട : കുറ്റ്യാടി പദ്ധതിയുടെ കനാലുകൾ തുറക്കാൻ തുടങ്ങിയിട്ടും കോട്ടൂർ, നൊച്ചാട് പഞ്ചായത്തുകളിലെ ഗെയ്‌ൽ പൈപ്പ് ലൈൻ കടന്നുപോയ വയലുകൾ കൃഷിയോഗ്യമാക്കിക്കൊടുക്കാൻ അധികൃതർ തയ്യാറാവുന്നില്ല.
എത്രയുംപെട്ടെന്ന് നെൽവയൽ കൃഷിയോഗ്യമാക്കാൻ നടപടിയുണ്ടായില്ലെങ്കിൽ പിന്നീട് വെള്ളം കയറി ഒന്നും ചെയ്യാൻപറ്റാത്ത അവസ്ഥയാണുണ്ടാവുകയെന്ന് കർഷകർ പറയുന്നു.
ഗെയ്‌ൽ പൈപ്പ് ലൈൻ കടന്നുപോയ ഭാഗങ്ങളിൽ അഞ്ചുവർഷത്തോളമായി കർഷർക്ക് കൃഷിചെയ്യാൻപറ്റാത്ത അവസ്ഥയാണുള്ളത്.
ഒരു സെന്റ് ഭൂമിപോലും കൃഷിയിറക്കാതെ പാഴാക്കരുതെന്ന് സർക്കാർ പറയുമ്പോഴും ഗെയ്‌ൽ അധികൃതരുടെ അനാസ്ഥകാരണം ഏക്കറോളം നെൽവയൽ കൃഷിചെയ്യാൻപറ്റാതെ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു കിടക്കുകയാണ്.
ഈ പ്രദേശത്ത് ഗെയ്‌ൽ അധികൃതർ ഏറ്റെടുത്ത സ്ഥലത്തിന് പണം ഇതുവരെ ലഭിക്കാത്ത കർഷകരുമുണ്ട്.