താമരശ്ശേരി: അൻപതുവർഷംമുൻപ് പട്ടയംലഭിച്ച, വർഷങ്ങളായി കൃഷിചെയ്യുന്ന ഭൂമിയിൽനിന്ന് പടിയിറങ്ങേണ്ടിവരുമോ എന്ന ആശങ്കയിലാണ് തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻതോട്, മറിപ്പുഴ ഭാഗത്തെയും കോടഞ്ചേരി പഞ്ചായത്തിലെ നെല്ലിപ്പൊയിൽ, കുണ്ടൻതോട് ഭാഗത്തെയും കർഷകർ.
താമരശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന ഈ സ്ഥലങ്ങളിൽ പട്ടയംലഭിച്ച് അനുഭവിച്ചുവരുന്ന കൃഷിഭൂമി വനഭൂമിയാണെന്നുകാണിച്ച് മുപ്പതോളം കർഷകർക്കാണ് വനംവകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്.
1972-ൽ മുക്കം ട്രിബ്യൂണൽ പട്ടയം അനുവദിച്ച സ്ഥലത്തിനാണ് 1977-ൽ നടന്ന സർവേയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് നോട്ടീസ് നൽകിയത്. 1970 മുതൽ കൈവശംവെച്ച് കരമടയ്ക്കുകയും കൃഷിചെയ്യുകയുംചെയ്യുന്ന ഭൂമിയുടെ മുഴുവൻ രേഖകളും വനം അപ്പലറ്റ് ട്രിബ്യൂണലിനുമുൻപിൽ ഹാജരാക്കാനാണ് നിർദേശം.
നിയമവിരുദ്ധമായാണ് പട്ടയം നൽകിയതെന്നും ഇത് റദ്ദാക്കണമെന്നുമാണ് വനംവകുപ്പിന്റെ നിലപാട്. പട്ടയം റദ്ദാക്കണമെന്ന് ട്രിബ്യൂണലിനോട് ആവശ്യപ്പെടാനുമാണ് വനം വകുപ്പിന്റെ തീരുമാനം. എന്നാൽ, 1971-ലും 82-ലും പട്ടയം ലഭിച്ച് തലമുറയായി അനുഭവിച്ചുവരുന്ന ഭൂമിയാണ് ഒരു സുപ്രഭാതത്തിൽ വനംവകുപ്പ് വനഭൂമിയാണെന്ന അവകാശവാദവുമായി വരുന്നതെന്നാണ് കർഷകർ പറയുന്നത്.
തിരുവമ്പാടി, നെല്ലിപ്പൊയിൽ, കൂടരഞ്ഞി വില്ലേജുകളിൽ ഉൾപ്പെടുന്ന 50 ഏക്കറോളംവരുന്ന ഭൂമി പുതിയ നോട്ടീസിലൂടെ അന്യായമായി പിടിച്ചെടുക്കാനാണ് വനംവകുപ്പിന്റെ നീക്കമെന്ന് കർഷകർ ആരോപിക്കുന്നു.
രണ്ടും മൂന്നും ഏക്കറിൽ വർഷങ്ങളായി അടയ്ക്കയും ജാതിയും കൃഷി ചെയ്യുന്ന കർഷകർക്ക്, കൃഷിയിൽനിന്നുള്ള വരുമാനംകൂടി കുറഞ്ഞ സാഹചര്യത്തിൽ ഇരുട്ടടിയായിരിക്കുകയാണ് പുതിയ നോട്ടീസ്. 1977-ന് മുമ്പുള്ള കൈയേറ്റങ്ങൾ സാധൂകരിക്കുന്ന ഇതേവരെയുള്ള നയത്തിനുവിരുദ്ധമായി 1972-ൽ പട്ടയംലഭിച്ച ഭൂമിപോലും തിരികെ നൽകണമെന്ന് നോട്ടീസിൽ പറയുമ്പോൾ കർഷകർ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.