പയ്യോളി : നോവലിസ്റ്റിന്റെ വീട്ടുമുറ്റത്ത് നടന്ന നോവൽ ചർച്ചയിൽ കഥാപാത്രമെത്തി അനുഭവങ്ങൾ പങ്കുവെച്ചത് ആസ്വാദ്യകരമായി. ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച യു.കെ. കുമാരന്റെ ‘കണ്ടുകണ്ടിരിക്കെ’ എന്ന നോവലിലെ പ്രധാന കഥാപാത്രമായ ഒളവണ്ണ മഠത്തിൽ അബ്ദുൾഅസീസാണ് കഥയിലെ പൊള്ളുന്ന യാഥാർഥ്യങ്ങൾ വിവരിച്ചത്. അസീസിനെ ചന്ദ്രശേഖരൻ തിക്കോടി പൊന്നാടയണിയിച്ചു.
തച്ചൻകുന്ന് ഭാവന കലാവേദി ഗ്രന്ഥാലയമാണ് നോവലിസ്റ്റിന്റെ വീട്ടുമുറ്റത്ത് പുസ്തകചർച്ച സംഘടിപ്പിച്ചത്. ചർച്ചയിൽ പങ്കെടുക്കാനായി നടക്കാനും സംസാരിക്കാനും ഏറെ ബുദ്ധിമുട്ടുള്ള അഖിൽരാജ് വടകര കരിമ്പനപാലത്ത് നിന്നുമെത്തിയപ്പോൾ പരിപാടിയിലെ വിശിഷ്ടാതിഥിയായി. പുസ്തകത്തിന്റെ രണ്ടാംപതിപ്പ് അഖിൽരാജിന് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ മാതാണ്ടി അശോകൻ രചിച്ച വിദ്യാർഥികൾക്കായി രചിച്ച സമ്പൂർണ മലയാളം എന്ന കൃതി യു.കെ. കുമാരൻ നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖിന് നൽകി പ്രകാശനം ചെയ്തു. പരിപാടി ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനംചെയ്തു.
കൗൺസിലർ കാര്യാട്ട് ഗോപാലൻ അധ്യക്ഷനായി. ചന്ദ്രശേഖരൻ തിക്കോടി, മാതാണ്ടി അശോകൻ, പി.എം. അഷറഫ്, സി.എം. മനോജ്കുമാർ, തോട്ടത്തിൽ ചന്ദ്രൻ, കെ.കെ. ജോഷി എന്നിവർ സംസാരിച്ചു.
പുസ്തകചർച്ചയിൽ എം.എ. വിജയൻ മോഡറേറ്ററായി. കെ.വി. ശശികുമാർ, കെ. അബ്ദുറഹിമാൻ, റഷീദ് പാലേരി, പുനത്തിൽ ഗോപാലൻ, അനീഷ് പാറേമ്മൽ, ജിതേഷ് പുനത്തിൽ, കാര്യാട്ട് കാർത്തികേയൻ എന്നിവർ സംസാരിച്ചു. നാഗത്ത് കുഞ്ഞിക്കണാരൻ കവിതചൊല്ലി.