കോഴിക്കോട് : പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്ന മുന്നണികളെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത് സഹായിക്കുമെന്ന് അഖില കേരള പട്ടികജാതി പട്ടികവർഗസമാജം സംസ്ഥാന പ്രസിഡന്റ് എം. മൂത്തോറൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് പട്ടികവിഭാഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ രണ്ട് കോളേജുകൾ അനുവദിക്കണം. പട്ടിക ജാതിക്കാരുടെ ഫണ്ടുകൾ കൃത്യസമയത്ത് നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും തിരിമറികൾ തടയാനും നിയമനിർമാണം വേണം. ജോലി സംവരണം 15 ശതമാനമായി ഉയർത്തണം. ഭൂമി വാങ്ങാൻ 20 ലക്ഷവും വീട് നിർമിക്കാൻ 10 ലക്ഷവും നൽകണം. കോളേജുകളിൽ സംവരണ സീറ്റ് അഞ്ചുശതമാനംകൂടി ഉയർത്തണം.
യഥാർഥ തൊഴിലാളിവർഗത്തിന് മാസത്തിൽ പതിനായിരം രൂപ പെൻഷൻ നൽകാനാവശ്യപ്പെട്ട് അടുത്തമാസം സമാജം സമരം തുടങ്ങുമെന്നും മൂത്തോറൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.ആർ. ചന്ദ്രൻ, ജില്ലാ പ്രസിഡന്റ് തരിശിയിൽ കൃഷ്ണൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.