കോഴിക്കോട് : കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോട്ടുമലയിൽ 4.811 ഹെക്ടർ ഭൂമിയിൽ കരിങ്കൽ ക്വാറി നടത്തുന്നതിനായി ഡെൽറ്റ റോക്ക് പ്രോഡക്ട്‌സ്‌ എന്ന കമ്പനി സമർപ്പിച്ച അപേക്ഷ, പാരിസ്ഥിതികാഘാതം പഠിക്കുന്ന അതോറിറ്റിയുടെ പരിഗണനയിലാണെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.

2020 ഡിസംബർ 22-ന് നടന്ന സംസ്ഥാന ഏകജാലക ബോർഡ് യോഗം ക്വാറിയുടെ 200 മീറ്റർ ചുറ്റളവിൽ വാസസ്ഥലം ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വ്യവസായ സെക്രട്ടറി കമ്മിഷനെ അറിയിച്ചു.

ക്വാറി അനുമതിക്കായി അപേക്ഷകൻ ആദ്യം സമീപിച്ചത് ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡിനെയാണ്. എന്നാൽ, അപേക്ഷയിൽ ന്യൂനതകൾ ഉള്ളതിനാൽ അപേക്ഷ പരിഗണിച്ചില്ല. തുടർന്ന് അപേക്ഷകൻ സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡിനെ സമീപിച്ചു. സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിയിൽനിന്ന് പരിസ്ഥിതി അനുമതി ലഭ്യമാക്കാൻ അപേക്ഷകനോട് നിർദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, സംസ്ഥാന വ്യവസായ ഏകജാലക ബോർഡിന്റെ തീരുമാനം അധികാരവികേന്ദ്രീകരണത്തോടുള്ള വെല്ലുവിളിയാണെന്ന് പരാതിക്കാരനായ ബിനീഷ് അത്തൂനി സമർപ്പിച്ച മറുപടിയിൽ പറഞ്ഞു. ഖനനാനുമതി കോട്ടൂർ പഞ്ചായത്തിലെ രണ്ടായിരത്തോളം കുടുംബങ്ങളെ ബാധിക്കുമെന്നതിനാൽ സംസ്ഥാന ബോർഡിന്റെ തീരുമാനം റദ്ദാക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.

അടുത്തമാസം കോഴിക്കോട്ട് നടക്കുന്ന സിറ്റിങ്ങിൽ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസ് വീണ്ടും പരിഗണിക്കും.