കോഴിക്കോട് : ക്ഷയരോഗ ബാധിതരുടെ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ പോഷകാഹാരക്കിറ്റുകളും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നൽകാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി പറഞ്ഞു. ക്ഷയരോഗ നിയന്ത്രണ പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന അക്ഷയകേരളം പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇവർ. ജില്ലാ ടി.ബി. ആൻഡ് എയ്‌ഡ്സ് നിയന്ത്രണ ഓഫീസർ ഡോ. പി.പി. പ്രമോദ് കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.വി. റീന, ജില്ലാ ടി.ബി. ഫോറം പ്രസിഡന്റ് ശശികുമാർ ചേളന്നൂർ, കെ.എ. അബ്ദുൾസലാം, ജയരാജൻ, എൻ.പി. ശില്പ എന്നിവർ പ്രസംഗിച്ചു.

നവംബർ ഒന്നുവരെ നീണ്ടു നിൽക്കുന്ന അക്ഷയകേരളം കാമ്പയിനിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബോധവത്‌കരണ പരിപാടികൾ, സ്‌ക്രീനിങ്‌ ടെസ്റ്റ് ക്യാമ്പുകൾ, വെബിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ഡോ. പി.പി. പ്രമോദ്കുമാർ അറിയിച്ചു.