ആയഞ്ചേരി : യു.ഡി.എഫ്. നേതൃത്വത്തിലുള്ള ആയഞ്ചേരി പഞ്ചായത്ത് ഭരണസമിതിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ്. ജനശ്രദ്ധ തിരിച്ചുവിടുകയാണെന്ന് യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി. നിലാവ് പദ്ധതിയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

ഓരോ വാർഡിലെയും സാഹചര്യത്തിനനുസരിച്ച് അനുവദിച്ച ബൾബിന്റെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. വാർഡിൽനിന്ന് ഉയർന്നുവരുന്ന പരാതികൾ പരിഹരിക്കാനാണ് പ്രസിഡൻറ് 85 ബൾബുകൾ കൈവശംവച്ചത്.

എൽ.ഡി.എഫ് ഭരണസമിതിയാണ് പ്ലാസ്റ്റിക് മാലിന്യം അശാസ്ത്രീയമായരീതിയിൽ ശേഖരിച്ച് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുന്നുകൂട്ടിവെച്ചത്. ഇതിനെതിരേ എൽ.ഡി.എഫ്. ഇപ്പോൾ സമരംചെയ്യുന്നത് വിരോധാഭാസമാണ്. ക്ലീൻ കേരളകമ്പനിയുമായി ബന്ധപ്പെട്ട് മാലിന്യം കയറ്റി അയക്കുന്നുണ്ട്. ആയഞ്ചേരി ടൗണിലെ അഴുക്കുചാൽ വൃത്തിയാക്കുന്നതിന് നിയമവിധേയമായി ടെൻഡർ വിളിച്ചാണ് കരാർ കൊടുത്തത്. കരാറെടുത്ത ആളാവട്ടെ എൽ.ഡി.എഫിന്റെ സജീവപ്രവർത്തകനും. മഴക്കാലത്തിനുമുൻപ് ഓവുചാൽ വൃത്തിയാക്കിയതിനാൽ ടൗണിൽ വെള്ളക്കെട്ട് തടയാനായി.

കരാറുകാരന് ലഭിക്കേണ്ട സംഖ്യ മുടക്കാനാണ് എൽ.ഡി.എഫ്. ശ്രമം. ഇപ്പോൾ നടത്തുന്ന സമരങ്ങൾ പ്രഹസനങ്ങൾ മാത്രമാണെന്നും യു.ഡി.എഫ്. ചെയർമാൻ സി.എം. അഹമ്മദ് മൗലവി, കൺവീനർ മലയിൽ ബാലകൃഷ്ണൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.