കോഴിക്കോട് : ജില്ലയിൽ അഞ്ഞൂറുകേന്ദ്രങ്ങളിൽ ചക്രസ്തംഭനസമരം നടത്തി. ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരേ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിച്ചത്. രാവിലെ 11 മുതൽ 15 മിനിട്ടായിരുന്നു സമരം. സ്വകാര്യവാഹനങ്ങൾ ഓടിക്കുന്നവരും സമരത്തിൽ പങ്കാളികളായി.

മുതലക്കുളത്ത് സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. ജില്ലാപ്രസിഡന്റ് കെ. രാജീവ് അധ്യക്ഷനായി. എം.പി. മാരായ എം.കെ. രാഘവൻ, എം.വി. ശ്രേയാംസ് കുമാർ, സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., എ. പ്രദീപ്കുമാർ, മാമ്പറ്റ ശ്രീധരൻ, വി.പി. കുഞ്ഞിക്കൃഷ്ണൻ, പി.വി. മാധവൻ, എം.പി. സൂര്യനാരായണൻ, ശ്രീകുമാർ, സി.പി. സുബൈർ, ഒ.കെ. സത്യൻ, കെ.കെ. മമ്മു, ടി. ദാസൻ, പി.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.

നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലെ സമരങ്ങൾ യു. പോക്കർ, ഇ.സി. സതീശൻ, കെ. ഷാജി, മനയത്ത് ചന്ദ്രൻ, ബിജു ആന്റണി, ബഷീർ പാണ്ടികശാല എന്നിവർ ഉദ്ഘാടനം ചെയ്തു.

ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ മാവൂർ റോഡ് ജങ്ഷനിൽ നടന്ന പ്രതിഷേധസമരം സംസ്ഥാന ജോയന്റ് സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു. കെ. അരുൺ, പിങ്കി പ്രമോദ്, ആർ. ഷാജി, ഫഹദ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.

ചാത്തമംഗലം : സംയുക്ത ട്രേഡ് യൂണിയൻ സ്പോൺസറിങ് കമ്മിറ്റി ചാത്തമംഗലത്ത് ചക്രസ്തംഭനസമരം നടത്തി. ബി.കെ.എം.യു. ജില്ലാ വൈസ്‌ പ്രസിഡന്റ് ചൂലൂർ നാരായണൻ ഉദ്ഘാടനം ചെയ്തു. വി. സുന്ദരൻ, ഭരതൻ, കെ. രാജൻ, മനോജ്കുമാർ, സി.പി. സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.

ചേളന്നൂർ : ഭാരതീയ നാഷണൽ ജനതാദൾ ചേളന്നൂർ പെട്രോൾ പമ്പിന് മുമ്പിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പി. അശോകൻ, പി. സുരേഷ് കുമാർ, വി.പി. സത്യഭാമ, മോഹൻദാസ് എന്നിവർ പങ്കെടുത്തു.