വടകര : ടി.പി. ചന്ദ്രശേഖരന്റെയും കെ.കെ. രമ എം.എൽ.എ.യുടെയും മകൻ അഭിനന്ദിനെയും ആർ.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എൻ. വേണുവിനെയും വധിക്കുമെന്നുള്ള ഭീഷണിക്കത്തിന്റെ ഉറവിടം തേടി പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുന്നു. വടകര അടക്കാത്തെരു പോസ്റ്റ് ഓഫീസിലാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്.

ഈ പോസ്റ്റ് ഓഫീസിലേക്ക് കത്ത് പോസ്റ്റ് ചെയ്യുന്ന തപാൽപെട്ടിയുടെ പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങളാണ് നോക്കുന്നത്. സമീപത്തെ ഒരു ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. വടകര സി.ഐ. കെ.എസ്. സുശാന്തിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. ഭീഷണിക്കുപിന്നാലെ കെ.കെ. രമ എം.എൽ.എ.യുടെ ഓഫീസ്, ഒഞ്ചിയത്തെ വീട്, എൻ. വേണുവിന്റെ വീട് എന്നിവയുടെ പരിസരങ്ങളിൽ പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

രമയ്ക്കും എൻ. വേണുവിനും പോലീസ് ഗൺമാന്റെ സുരക്ഷയുണ്ട്. ഇത് തുടരുകയും ചെയ്യുന്നുണ്ട്. സമീപകാലത്തെ സ്വർണക്കടത്ത് സംഭവങ്ങളിൽ എൻ. വേണുവും കെ.കെ. രമയും ഉൾപ്പെടെയുള്ള ആർ.എം.പി.ഐ. നേതാക്കൾ ചാനലുകളിലും മറ്റും സി.പി.എമ്മിനെതിരേ ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. ഭീഷണിക്കത്തിൽ എൻ. വേണുവിനോട് ആവശ്യപ്പെടുന്നതും ചാനലുകളിൽ വന്ന് ചർച്ച നടത്തരുതെന്നാണ്. ഈ സാഹചര്യത്തിൽ സ്വർണക്കടത്തുസംഘങ്ങളാണോ ഭീഷണിക്കുപിന്നിലെന്നും സംശയമുണ്ട്.

ജയരാജൻ വധശ്രമക്കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യം

ഭീഷണിക്കത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഒഞ്ചിയത്തെ ആർ.എം.പി. നേതാവ് ജയരാജൻ വധശ്രമക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം ആർ.എം.പി.ഐ. സജീവമാക്കുന്നു. 2009-നവംബറിലാണ് ജയരാജനെ കണ്ണൂക്കരയിൽ വെച്ച് വെട്ടിയത്. ഈ കേസിൽ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. ഈ അക്രമത്തിനു പിന്നിൽ കണ്ണൂർ സംഘമല്ലെന്നും ചെമ്മരത്തൂരിലെ ശ്രീജേഷിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും കത്തിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സമഗ്രമായ അന്വേഷണം ഇതേക്കുറിച്ച് വേണമെന്ന് ആവശ്യം ആർ.എം.പി. ഉയർത്തുന്നത്.