തിക്കോടി : കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ച് കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് തിക്കോടി കല്ലകത്ത് ബീച്ച് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിറ്റ്കോ തയ്യാറാക്കിയ 93 ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് വിനോദസഞ്ചാരവകുപ്പ് ഭരണാനുമതി നൽകിയിരുന്നു.

തീരദേശപരിപാലന അതോറിറ്റി അംഗീകരിച്ച നിർമാണപ്രവൃത്തികളാണ് നടക്കുക. ഇന്റർലോക്ക് വിരിച്ച നടപ്പാതകൾ, മുള കൊണ്ടുള്ള വേലികൾ, ഹട്ടുകൾ, ഇരിപ്പിടങ്ങൾ, കുടിവെള്ള ടാങ്ക്, ശൗചാലയം, കുട്ടികൾക്കുള്ള പാർക്ക് തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. പ്രവൃത്തികൾ ഉടൻ ടെൻഡർ ചെയ്യും.

കാനത്തിൽ ജമീല എം.എൽ.എ., ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്്‌ ജമീല സമദ്, രാമചന്ദ്രൻ കുയ്യണ്ടി, സി.പി. ബീന, എഫ്. അനിൽകുമാർ, കെ.കെ. മുഹമ്മദ്, എം.പി. ഷിബു, ബിജു കളത്തിൽ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.