പന്തീരാങ്കാവ് : പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് തടയാൻ ഒരു മാസം കഴിഞ്ഞിട്ടും നടപടിയായില്ല.

ഒളവണ്ണ ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പൈപ്പുകൾ പൊട്ടി വെള്ളം പെരുവഴിയിലൂടെ ഒഴുകുന്നത്. നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തി മാസം കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയാണ്‌ ഉയരുന്നത്. കൊടിനാട്ടുമുക്ക്-ചുങ്കം റോഡിൽ ഒരു മാസം മുമ്പ് പൊട്ടിയ പൈപ്പ് ഇതുവരെയും നേരെയാക്കിയിട്ടില്ല. പഞ്ചായത്ത് അംഗത്തിന്റെയും നാട്ടുകാരുടെയും പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചതാണ്. പെട്ടെന്ന് ശരിയാക്കാമെന്നുപറഞ്ഞിരുന്നെങ്കിലും ഒരുമാസം പിന്നിടുമ്പോഴും വെള്ളം കുത്തിയൊഴുകുകയാണ്. തൊട്ടടുത്തുള്ള വയലിൽ വെള്ളം നിറഞ്ഞിട്ടുണ്ട്.

റോഡിന്റെ അടിയിലൂടെ പോകുന്ന പൈപ്പാണ് പൊട്ടിയത്. റോഡ് പൊളിക്കാൻ പൊതുമരാമത്തുവകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് പ്രവൃത്തി നീണ്ടുപോകാൻ കാരണമെന്നാണ് അറിയുന്നത്.

കൈമ്പാലം പള്ളിപ്പുറം റോഡിലും ഇതേ അവസ്ഥയാണ്. കമ്പിളിപറമ്പ-കള്ളിക്കുന്ന് റോഡിൽ പലയിടങ്ങളിലും പൈപ്പ് പൊട്ടിയിട്ട് റോഡിലൂടെ വെള്ളം കുത്തിയൊഴുകിയിരുന്നത് മാസങ്ങൾക്കുശേഷമാണ് നന്നാക്കിയത്.

മാത്തറ എം.ജി. നഗറിൽ പൈപ്പ് പൊട്ടി ദിവസങ്ങളോളം റോഡിലൂടെ വെള്ളമൊഴുകുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് നന്നാക്കിയത്.

ഒട്ടേറെപ്പേർ കുടിവെള്ളത്തിനായി ജല ജീവൻ കണക്‌ഷനായി കാത്തിരിക്കുമ്പോഴാണ് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നത്.