കോഴിക്കോട് : കോവിഡ് പ്രോട്ടോകോൾ പ്രകാരം സാമൂഹിക അകലംപാലിച്ച് ബലിപെരുന്നാൾ ആഘോഷം. ഈദ് ഗാഹുകൾ ഒഴിവാക്കി പള്ളികളിൽ മാത്രമാണ് പെരുന്നാൾ നമസ്കാരംനടന്നത്. പരമാവധി 40 പേരെ മാത്രമേ അനുവദിച്ചിരുന്നുള്ളു.

ബന്ധുവീടുകൾ സന്ദർശിച്ചുള്ള സ്നേഹംപുതുക്കലുകൾക്ക് കോവിഡ് തടസ്സമായപ്പോൾ ഗൂഗിൾമീറ്റും വീഡിയോ കോളുമൊക്കെ ആശ്രയമായി. ഒട്ടേറെപ്പേർ വീടുകളിൽ കുടുംബാംഗങ്ങൾക്കൊപ്പമാണ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്.

പാളയം ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ നേതൃത്വംനൽകി. സാമൂഹിക അകലം പാലിച്ചും എണ്ണം പരിമിതപ്പെടുത്തിയുമായിരുന്നു നമസ്കാരം.

സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായി പാലിച്ചുകൊണ്ടായിരിക്കണം പെരുന്നാൾ ആഘോഷങ്ങളെന്ന് തുടർന്നുനടന്ന ഖുതുബ പ്രഭാഷണത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.

കുന്ദമംഗലം : പതിവിൽനിന്നും വ്യത്യസ്ഥമായി പള്ളികളിൽ അതിരാവിലെ നിസ്കാരം നടന്നു. ശേഷം മഹല്ല് ഇമാമുമാർ ബലിപെരുന്നാൾ സന്ദേശം കൈമാറി. കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ ഇമാം മുനീർ ഫൈസി , കുന്ദമംഗലം സുന്നി ജുമാമസ്ജിദിൽ അബ്ദുനൂർ സഖാഫി, കാരന്തൂർ ടൗൺ മസ്ജിദിൽ റാഷിദ് യമാനി എന്നിവർ നിസ്കാരത്തിന് നേതൃത്വം നൽകി.

പള്ളികളിലെ പ്രാർഥനകൾക്ക് ശേഷം മരിച്ച കുടുംബാംഗങ്ങളുടെ കബറിടം സന്ദർശിച്ച് വിശ്വാസികൾ പ്രാർഥന നടത്തി.

പെരുമണ്ണ : കെ.എൻ.എം. പുത്തൂർമഠം ഈദ്‌ഗാഹ് കമ്മിറ്റി വലിയ പെരുന്നാൾ നിസ്കാരം നടത്തി.

പുത്തൂർമഠം ബിസ്മി നഗർ മസ്ജിദിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന നിസ്കാരത്തിന് ആദിൽ മൂത്തേടം നേതൃത്വം നൽകി.