കോഴിക്കോട് : ഹൗസ് സർജൻസി കഴിഞ്ഞിട്ടും തുടർ നിയമനം സംബന്ധിച്ച് തീരുമാനമാകാത്തതിനാൽ ഗവ. മെഡിക്കൽ കോളേജിലെ 220-ഓളം ഹൗസ് സർജൻമാർ ബുധനാഴ്ച ജോലിയിൽനിന്ന് വിട്ടുനിന്നു. ഇത് പല വാർഡുകളുടെയും പ്രവർത്തനത്തെ ബാധിച്ചു. ചൊവ്വാഴ്ചയോടെയാണ് എല്ലാവരുടെയും ഹൗസ് സർജൻസി കഴിഞ്ഞത്.

ഹൗസ് സർജൻസി കഴിഞ്ഞ എല്ലാവർക്കും ജൂനിയർ ഡോക്ടർമാരുടെ ശമ്പളം നൽകുക, ഡ്യൂട്ടിസമയം എട്ടുമണിക്കൂറാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

ഹൗസ് സർജൻസ് അസോസിയേഷൻ ഭാരവാഹികൾ ബുധനാഴ്ച പ്രിൻസിപ്പലുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. വ്യാഴാഴ്ച വീണ്ടും ചർച്ച നടക്കുന്നുണ്ട്.