പേരാമ്പ്ര : കോവിഡ് പ്രതിരോധവാക്സിൻ തീർന്നതിനാൽ പേരാമ്പ്രയിലെ വാക്സിനേഷൻ ക്യാമ്പ് നിർത്തിവെച്ചു. താലൂക്ക് ആശുപത്രിയും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് പേരാമ്പ്ര ജി.യു.പി. സ്കൂളിൽ രണ്ടുദിവസത്തെ മെഗാക്യാമ്പ് സംഘടിപ്പിച്ചിരുന്നു, ബുധനാഴ്ച ഉച്ചയോടെ ഇത് നിർത്തിവെക്കേണ്ടിവന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഇ.എം.എസ്. സഹകരണ ആശുപത്രിയിലും കുത്തിവെപ്പ് മുടങ്ങി.

പേരാമ്പ്ര ജി.യു.പി. സ്കൂളിൽ ഒരുക്കിയ മെഗാക്യാമ്പിൽ 335- ഓളം പേർക്ക് വാക്സിൻ നൽകി. വാക്സിൻ ബുധനാഴ്ച രാത്രിയോടെ എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ടെന്നും ലഭിക്കുന്ന മുറയ്ക്ക് വ്യാഴാഴ്ച കാലത്ത് മുതൽ താലൂക്ക് ആശുപത്രിയിൽ വാക്സിനേഷൻ പുനരാരംഭിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര അറിയിച്ചു. ഇ.എം.എസ്. സഹകരണ ആശുപത്രിയിൽ വ്യാഴാഴ്ച വാക്സിനെത്തുമെന്ന് സെക്രട്ടറി ടി. റജി അറിയിച്ചു.