കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ആരംഭിച്ചതുമുതൽ നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന മൂഴിക്കൽ-മെഡിക്കൽ കോളേജ് പൈപ്പ്‌ലൈൻ റോഡ് അടയ്ക്കരുതെന്ന് റോഡ് സംരക്ഷണ സമിതി. ചുറ്റുമതിൽകെട്ടി സംരക്ഷിക്കുന്നതിന് സമിതി എതിരല്ലെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

മൂഴിക്കലിൽനിന്ന് കോവൂർവരെ 12 മീറ്ററായി വികസിപ്പിക്കാൻ നഗരമാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയ റോഡാണിത്. അത്യാഹിത വിഭാഗങ്ങളിലേക്കുൾപ്പെടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന മാർഗമാണിത്.

64 വർഷമായി ഉപയോഗിക്കുന്ന റോഡ് അടയ്ക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. മാത്രമല്ല ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിന്റെ പ്രധാന കവാടമുൾപ്പെടെ മതിൽകെട്ടിയടച്ചത് ദുർവാശിയാണെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ എം.എ. ജോൺസൺ, പി.ടി. സന്തോഷ്‌കുമാർ, കെ.പി. റജീഷ്, ഹാഷിം മക്ക, മാസിൻ റഹ്‌മാൻ എന്നിവരും പങ്കെടുത്തു.