കോഴിക്കോട് : പോലീസ് സ്റ്റേഷനിൽ സമർപ്പിക്കുന്ന എല്ലാ പരാതികളും സ്വീകരിച്ച് രസീത് നൽകാൻ ജില്ലയിലെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദേശം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് ഉത്തരവ് നൽകിയത്.

മുക്കുന്നുമ്മൽ സ്വദേശി ഉണ്ണികൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ നിരസിച്ചെന്നാണ് പരാതി. കമ്മിഷൻ റൂറൽ ജില്ലാ പോലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് വാങ്ങി. സ്വത്തു ഭാഗംവെക്കുന്നതു സംബന്ധിച്ച തർക്കമാണ് പരാതിക്കാരനുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരനെയും സഹോദരിയെയും വിളിച്ചുവരുത്തി പരാതി രമ്യമായി പരിഹരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, താൻ നൽകിയ പരാതി സ്വീകരിക്കാൻ പോലീസ് വിസമ്മതിച്ചതായി പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു.

മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്‌ 23-ന്

സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് 23-ന് രാവിലെ പത്തരയ്ക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ്‌ നടത്തുമെന്ന് കമ്മിഷൻ അറിയിച്ചു.