കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകളറിയിച്ചുകൊണ്ട് ജില്ലയിൽ നിന്ന് രണ്ടുലക്ഷം പോസ്റ്റ് കാർഡുകൾ അയച്ചു. ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ഹെഡ്‌പോസ്റ്റോഫീസിന് മുന്നിൽ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് നിർവഹിച്ചു.

കേന്ദ്രസർക്കാരിന്റെ പദ്ധതികൾ എല്ലാവരിലേക്കുമെത്തുന്നുവെന്ന് ബി.ജെ.പി. ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് നൽകിയ പണം സംസ്ഥാനം ഉപയോഗിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സൗജന്യ വാക്സിനും സൗജന്യ റേഷനും ഉൾപ്പെടെയുള്ള കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കാർഡുകൾ അയക്കുന്നത്. ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ അധ്യക്ഷനായി.

ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ, കെ.വി. സുധീർ, ബി.കെ. പ്രേമൻ, കെ.പി. വിജയലക്ഷ്മി, ഇ. പ്രശാന്ത് കുമാർ, വി.കെ. ജയൻ, ടി. രനീഷ്, രമ്യ മുരളി, ശശിധരൻ നാരങ്ങയിൽ, പ്രശോഭ് കോട്ടൂളി, രമണിഭായി, കെ. ഷൈബു എന്നിവർ സംബന്ധിച്ചു.