കോഴിക്കോട് : മിഠായിത്തെരുവിലും സെൻട്രൽ മാർക്കറ്റിലുമൊക്കെ സാധനങ്ങൾ വാങ്ങാൻ വരുന്നവർ വാഹനം പാർക്ക് ചെയ്തിരുന്നത് ടൗൺഹാൾ റോഡിലായിരുന്നു. വൺവേ ആയതിനാൽ രണ്ടുഭാഗത്തും പാർക്ക് ചെയ്താലും ഗതാഗത പ്രശ്നങ്ങളൊന്നുമുണ്ടാവില്ലെന്നതാണ് പ്രധാന കാരണം.

എന്നാൽ രണ്ടുദിവസമായി ഇവിടെ നിർത്തിയിടാൻ വരുന്നവരെ പോലീസ് ‘ഓടിക്കുകയാണ്’. അഥവാ പാർക്ക് ചെയ്താൽ മുന്നൂറുരൂപ പിഴയും കിട്ടും. അതുകൊണ്ട് മിഠായിത്തെരുവിലേക്ക് വരുന്നവർ എവിടെ വാഹനം നിർത്തുമെന്നറിയാതെ കറങ്ങിനടക്കേണ്ടിവരികയാണ്.

വൈക്കം മുഹമ്മദ് ബഷീർ റോഡിന്റെ ഇരുഭാഗത്തും കണ്ണൂർ, ബാലുശ്ശേരി, വയനാട് ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്കുള്ള ബസുകൾ സർവീസ് നടത്തുന്ന പ്രധാന പാതയായ മാനാഞ്ചിറ കോംട്രസ്റ്റിന് സമീപത്തെ റോഡിലും നിറയെ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയാണ്. ഇത് പലപ്പോഴും എൽ.ഐ.സി. ജങ്ഷനിൽ ഗതാഗതക്കുരുക്കിന് കാരണമാവുന്നുമുണ്ട്. പെരുന്നാൾ ഇളവുകളുടെ ഭാഗമായി കടകൾ മുഴുവൻ തുറന്നപ്പോഴാണ് പാർക്കിങ്ങിന് നിയന്ത്രണം കൊണ്ടുവന്നത്. പക്ഷേ, വൈക്കം മുഹമ്മദ് ബഷീർ റോഡ് ആരംഭിക്കുന്ന ഭാഗംമുതൽ ടൗൺഹാൾ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടാൽ ഗതാഗത പ്രശ്നങ്ങളൊന്നുമുണ്ടാവില്ലെന്നാണ് യാത്രക്കാർ പറയുന്നത്. പോലീസ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുമ്പോൾ നഗരത്തിൽ എവിടെയാണ് പാർക്ക് ചെയ്യുകയെന്ന് യാത്രക്കാർ ചോദിക്കുന്നു. 

പെരുന്നാളിന് മുന്നോടിയായി സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂടുതലായി നഗരത്തിലെത്തുന്നതുകൊണ്ടാണ് തിരക്കൊഴിവാക്കാൻ ടൗൺഹാൾ റോഡിൽ പാർക്കിങ്ങിന് നിയന്ത്രണമേർപ്പടുത്തിയത്. റോഡിന്റെ ഇരുഭാഗത്തും വാഹനങ്ങൾ നിർത്തിയിടുമ്പോൾ രണ്ടാംഗേറ്റിനുസമീപം മൊത്തം കുരുക്കിൽപ്പെടുകയാണ്. നിയന്ത്രണം താത്‌കാലികം മാത്രമാണ്. അടുത്ത ദിവസംമുതൽ പഴയ രീതിയിലാക്കും.