എലത്തൂർ : മലബാറിലെ അഞ്ച് ജില്ലകളിലേക്ക് ഇന്ധനം വിതരണംചെയ്യുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ എലത്തൂരിലെ സംഭരണകേന്ദ്രം താത്‌കാലികമായി പ്രവർത്തനം നിർത്തുന്നു.
ഒന്നരവർഷം അടച്ചിടാനാണ് തീരുമാനം. സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ആദ്യം ഡിപ്പോ അടയ്ക്കാനുള്ള നിർദേശം എച്ച്.പി.സി.എൽ. ചെന്നൈ ഓഫീസിൽനിന്ന് പുറത്തിറങ്ങി.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് ഇന്ധനം വിതരണംചെയ്യുന്ന ഡിപ്പോയാണിത്.
ഡിപ്പോ അടയ്ക്കുന്നതിന്റെ ഭാഗമായി ഇന്ധനം കൊണ്ടുപോകുന്ന ടാങ്കർലോറികളുടെ എണ്ണം ക്രമീകരിച്ചുതുടങ്ങി. ദിവസേന നാല്പതിലധികം ടാങ്കർലോറികളിലായിരുന്നു ഇന്ധനം കൊണ്ടുപോയിരുന്നത്. ഇപ്പോൾ മുപ്പതിൽതാഴെ ടാങ്കറുകളിലാണ് ഇന്ധനം അയക്കുന്നത്. എറണാകുളത്തുനിന്നാണ് മറ്റ് ടാങ്കറുകൾ ഇന്ധനം ശേഖരിക്കുന്നത്. ഡിപ്പോയിൽ അറ്റകുറ്റപണികളും നവീകരണവും തുടങ്ങിയതോടെ സുരക്ഷയുടെ ഭാഗമായാണ് പ്രവർത്തനം താത്‌കാലികമായി നിർത്തുന്നതെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്നവിവരം. എറണാകുളം ഇരുന്പനത്ത് എത്തി ടാങ്കറുകൾക്ക് ഇനി പെട്രോളിയം ശേഖരിക്കേണ്ടിവരും. ഡിപ്പോയിലേക്ക് ഗുഡ്സ് വാഗണുകളിൽ പെട്രോൾ എത്തിക്കുന്നത് നേരത്തെത്തന്നെ നിർത്തിയിരുന്നു. നിലവിൽ വലിയ ടാങ്കർലോറികളിലാണ് പെട്രോൾ എത്തിക്കുന്നത്.
ഡീസൽമാത്രമാണ് ചരക്ക് തീവണ്ടിയിൽ എത്തുന്നത്. എലത്തൂരിലെ ഡിപ്പോയിൽ ഇന്ധനം സൂക്ഷിക്കുന്നതിന് ഭൂഗർഭസംഭരണി നിർമിക്കുന്ന പ്രവൃത്തി നടക്കുന്നുണ്ട്. അഗ്നി രക്ഷാസേനയുടെ വാഹനങ്ങൾക്ക് സുഖമമായി കടന്നുപോകാനുള്ള പാതയും സജ്ജമാക്കുന്നുണ്ട്.
റിഫൈനറികളിൽനിന്ന് നേരിട്ട് ഗുഡ്സ് വാഗണുകളിൽ നിറയ്ക്കുന്ന ഡീസൽ ഡിപ്പോയിലെത്തിച്ച് സംഭരണിയിൽ സൂക്ഷിച്ചശേഷമാണ് വിതരണത്തിനായി ടാങ്കറിലയക്കുന്നത്.
പയ്യന്നൂർ സംഭരണകേന്ദ്രം വൈകും
പയ്യന്നൂരിൽ ഹിന്ദുസ്ഥാൻ പെടോളിയം കോർപ്പറേഷൻ ഡിപ്പോ തുടങ്ങാനുള്ള പദ്ധതി വൈകും
കോർപ്പറേഷൻ ഇതിനായി കണ്ടെത്തിയ ഭൂമിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളാണ് നടപടി വൈകുന്നതിന് കാരണം.
എലത്തൂർ ഡിപ്പോയുടെ പ്രവർത്തനം പയ്യന്നൂരിലേക്ക് മാറ്റാനുള്ള ആലോചന നേരത്തെയുണ്ടായിരുന്നു. കാസർകോട്, കണ്ണൂർ വയനാട്, എന്നിവിടങ്ങളിലെ പമ്പുകളിലേക്ക് ഇന്ധനം എത്തിക്കാൻ ചരക്കുകൂലി കുറയുമെന്നതായിരുന്നു കോർപ്പറേഷനെ ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്.