ഉള്ളിയേരി : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉള്ളിയേരി നളന്ദ ആശുപത്രിക്കുസമീപം ഓരാഞ്ചേരിക്കണ്ടി വരയാലിൽ ഹൈദർ അലിയുടെ ഭാര്യ സ്വാലിഹ (39) ആണ് മരിച്ചത്. ജനുവരി ഒമ്പതിന് ഉള്ളിയേരി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ശ്വാസതടസ്സം കൂടിയതിനേത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകീട്ട് ആറു മണിയോടെയാണ് മരിച്ചത്. മക്കൾ: ആദിലബാനു, അൽമിറലി. പിതാവ്: പരേതനായ കുട്ടിഹസ്സൻ മുസ്‌ല്യാർ. മാതാവ്: കുഞ്ഞായിഷ. സഹോദരി: ഷഹീദ.
ഓട്ടോഡ്രൈവർക്ക് മർദനത്തിൽ പരിക്ക്
പയ്യോളി : പേരാമ്പ്ര റോഡിലെ പാർക്കിങ് സ്ഥലത്തുവെച്ച് മർദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി.) പയ്യോളി യൂണിറ്റ് സെക്രട്ടറി പെരുമാൾപുരം തെരുവിൻ താഴെ സോമനാണ് (53) മർദനത്തിൽ പരിക്കേറ്റത്. തലയ്ക്കാണ് പരിക്ക്. നാല് തുന്നലുണ്ട്. പ്രതിയെ പിടികിട്ടിയിട്ടില്ല.
സംഭവത്തിൽ പ്രതിഷേധിച്ച് സംയുക്ത ഓട്ടോതൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ഓട്ടോകൾ പണിമുടക്കി.
സ്കൂളിന് അവധി
നടുവണ്ണൂർ : വാകയാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി മഞ്ജുവിന്റെ നിര്യാണത്തിൽ, സ്കൂളിന് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഭാരവാഹികൾ
ഉള്ളിയേരി : മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ: ഷൈജു കുന്നാത്ത് (പ്രസി.), നിധീഷ് നമ്പിയാട്ടിൽ (വൈസ് പ്രസി.), അശോകൻ എടക്കാട്ട്മീത്തൽ (സെക്ര.), സദാനന്ദൻ നമ്പിയാട്ടിൽ (ജോ.സെക്ര), നാരായണൻനായർ നമ്പിയാട്ടിൽ (ഖജാ.).
കിസാൻരാത്ത് നടത്തി
ബാലുശ്ശേരി : ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകസംഘം കിനാലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിസാൻരാത്ത് നടത്തി. വൈകീട്ട് അഞ്ചിന് ആരംഭിച്ച സമരം രാവിലെ ആറുവരെ നീണ്ടുനിന്നു. കിസാൻരാത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. കെ. മുരളീധരൻ അധ്യക്ഷനായി. ഇസ്മയിൽ കുറുമ്പൊയിൽ, അനൂപ് കക്കോടി, സി.കെ. സതീഷ് കുമാർ, എ.സി. ബൈജു, കെ. ബാലകൃഷ്ണൻ എന്നിവർ സാംസാരിച്ചു. കെ.കെ. കൃഷ്ണകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.