പയ്യോളി : ടൂറിസം രംഗത്ത് സംസ്ഥാന -ദേശീയ-അന്താരാഷ്ട്രതലത്തിൽ നിരവധി അവാർഡുകൾ ലഭിച്ച സർഗാലയയ്ക്ക് കൃഷിയിലെ കരവിരുതിനും അംഗീകാരം. കൃഷിവകുപ്പ് സംസ്ഥാനതലത്തിൽ പ്രഖ്യാപിച്ച പുരസ്കാരത്തിനാണ് ഇരിങ്ങൽ സർഗാലയ കേരള കലാ-കരകൗശല ഗ്രാമം അർഹമായത്. സ്ഥാപനങ്ങൾ നടത്തിയ വിഭാഗത്തിലാണ് അവാർഡ്.
സർഗാലയയിലെ തൊഴിലാളികളുടെ കരകൗശലത്തിന് ലോക്ഡൗൺ നാളുകളിലും വിശ്രമമുണ്ടായില്ല. സ്ഥാപനം പൂട്ടിയപ്പോൾ തൊഴിലാളികൾ അവരുടെ കരവിരുത് മണ്ണിലേക്ക് മാറ്റി. സർഗാലയയിലും പരിസരത്തുമായി 10 ഏക്കറോളം സ്ഥലത്താണ് പച്ചക്കറി വിളയിച്ചത്. മുളക്, വെണ്ട, ചീര, പയർ, കയ്പ, പടവലം, ക്വാളിഫ്ലവർ, ഇളവൻ, മത്തൻ, വഴുതിന എന്നിങ്ങനെ കാർഷികവിഭവങ്ങൾ. പച്ചമുളകുമാത്രം 2000 കിലോയാണ് പറിച്ചത്.
സർക്കാരിന്റെ ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഭാഗമായി സർഗാലയ നടത്തിപ്പുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കിയത്. 45 തൊഴിലാളികൾ രാവിലെയും വൈകീട്ടും വിയർപ്പൊഴുക്കി. വെയിലും മഴയും ഒരുപോലെ അനുഭവിച്ചു. കൂടുതലും സ്ത്രീ തൊഴിലാളികൾ. ഇതിനാൽ അടച്ചിടലിൽ തൊഴിലാളികളുടെ വരുമാനവും സ്തംഭിച്ചുപോയില്ല.
ഈ വർഷവും 10 ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കിയിട്ടുണ്ട്. റെഡ് ലേഡി പപ്പായ, ചേന, മഞ്ഞൾ, ബുളറ്റ് പച്ചമുളക്, ഇഞ്ചി എന്നിവയെല്ലാം വളർന്നുവരുന്നു.