കോഴിക്കോട് : വാക്സിൻ ക്ഷാമം തുടങ്ങിയതോടെ ജില്ലയിലെ കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പുകൾ പ്രതിസന്ധിയിൽ. 1200 ഡോസ് കോവിഡ് വാക്സിൻ മാത്രമേ മലാപ്പറമ്പിലെ വാക്സിൻ സ്റ്റോറിൽ സ്റ്റോക്കുള്ളു. ജില്ലയിൽ ഒരു ദിവസം 30,000 ഡോസ് വാക്സിനെങ്കിലും വേണ്ട സ്ഥാനത്താണ് ഈ അവസ്ഥ. അതത് ആരോഗ്യകേന്ദ്രങ്ങളിൽ കുത്തിവെപ്പെടുത്തതിന്റെ ബാക്കിയുണ്ടാവാൻ സാധ്യതയുണ്ടെങ്കിലും അടുത്തദിവസം പുതിയ ഡോസ് വന്നില്ലെങ്കിൽ ക്യാമ്പുകളിൽ നാമമാത്രമായേ വാക്സിനേഷനേ നടക്കുകയുള്ളൂ.

ചൊവ്വാഴ്ചയാണ് കോഴിക്കോട്ട് ആദ്യമായി വാക്സിൻ ക്ഷാമം നേരിടുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ജില്ലയിലെ പല ആരോഗ്യകേന്ദ്രങ്ങളിലും വാക്സിനേഷൻ അമ്പത് പേർക്കുമാത്രമായി ചുരുക്കി. ആദ്യമെത്തുന്ന അമ്പത്‌പേർക്ക് മാത്രമേ വാക്സിൻ നൽകുകയുള്ളൂ എന്ന നോട്ടീസും കോപ്പറേഷനിലെ പല ആരോഗ്യകേന്ദ്രങ്ങളിലും പതിക്കുകയും ചെയ്തിരുന്നു.

40 വയസ്സിനുമുകളിൽ ജില്ലയിൽ 9,84,750 പേരുണ്ട്. പക്ഷേ, 35,57,480 പേർക്കുമാത്രമേ ഇതുവരെ ആദ്യഡോസ് നൽകിയിട്ടുള്ളു. മേയ് 15-നകം ടാർജറ്റ് പൂർത്തിയാക്കണമെന്ന ലക്ഷ്യമിട്ടായിരുന്നു വ്യാപകമായി ക്യാമ്പുകൾ സംഘടിപ്പിച്ചത്. വാക്സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഒരു മാസത്തിനകംപോലും ലക്ഷ്യംകടക്കാൻ കഴിയില്ലെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.

ബുധനാഴ്ച മറ്റ് കുത്തിവെപ്പുകൾ നടക്കുന്നതിനാൽ വലിയതോതിൽ കോവിഡ് വാക്സിനേഷൻ നടക്കാറില്ല. അതുകൊണ്ട് ബുധനാഴ്ച ആവശ്യമായ സ്റ്റോക്ക് എത്തിയാലേ വ്യാഴാഴ്ചത്തെ പ്രതിസന്ധി മറികടക്കാൻ കഴിയു. 22,000 ഡോസുണ്ടെങ്കിൽ പ്രതിസന്ധിയൊഴിവാക്കാമെങ്കിലും മുപ്പതിനായിരം ഡോസുണ്ടെങ്കിലേ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ക്യാമ്പുകളിലും ആളുകൾ വരുന്നതിനനുസരിച്ച് വാക്സിൻ നൽകാൻ കഴിയൂ എന്നും ആരോഗ്യവിഭാഗം പറയുന്നു.

ഒന്നാംഘട്ട വാക്സിനെടുത്തത് 4,48,361 പേർ

:ജില്ലയിൽ ഇതുവരെ 4,48,361 പേർ ഒന്നാംഘട്ട കോവിഡ് വാക്സിനും 68,006 പേർ രണ്ടാംഘട്ട വാക്സിനുമെടുത്തു.

ആദ്യഘട്ട വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 48,234 ആണ്. 29,851 പേർക്ക് രണ്ടാംഘട്ട വാക്സിൻ നൽകി. 45 വയസ്സിന് മുകളിൽ പ്രായമുള്ള 3,57,480 പേർ ഒന്നാംഘട്ട വാക്സിനും 20,374 പേർ രണ്ടാംഘട്ട വാക്സിനും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളിൽ 42,647 പേർ ഒന്നാംഘട്ട വാക്സിനും 17,781 പേർ രണ്ടാംഘട്ട വാക്സിനുമെടുത്തു.