കക്കട്ടിൽ : കോവിഡ്, ഡെങ്കിപ്പനി വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കുന്നുമ്മൽ ഗ്രാമപ്പഞ്ചായത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കും. വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും, വ്യാപാരസംഘടനാ ഭാരവാഹികളുടെയും യോഗം ഇതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.

ബുധനാഴ്ചമുതൽ മെഡിക്കൽഷോപ്പ് ഒഴികെയുള്ള കടകൾ രാത്രി ഏഴുമണിവരെ മാത്രമേ പ്രവർത്തിക്കൂ. കല്യാണം, മറ്റു ചടങ്ങുകൾ, മരണവീടുകൾ എന്നിവയിലുള്ളവർ അഞ്ചാമത്തെ ദിവസം കോവിഡ് പരിശോധന നടത്തണം. ആരാധനാലയങ്ങളുടെ ഭാരവാഹികളുടെ യോഗം വിളിച്ചുചേർക്കും മൊബൈൽ കോവിഡ് പരിശോധന നടത്തും.

ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി 24-ന് എട്ടുമുതൽ 10 വരെ കുളങ്ങരത്ത് മുതൽ കക്കട്ടിൽവരെ ശുചിത്വഹർത്താൽ നടത്തും. മൊകേരി ഗവ. കോളേജിൽ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെൻറർ ആരംഭിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ പ്രസിഡന്റ് കെ. റീത്ത അധ്യക്ഷയായി. വി.പി. രാജീവൻ, വി. വിജിലേഷ്, കെ.ടി. രാജൻ, വനജ ഒതയോത്ത്, ജെ.എച്ച്.ഐ. മനോജ് തുടങ്ങിയവർ സംസാരിച്ചു.