ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

മുക്കം : കൊടിയത്തൂരിൽ കയറ്റം കയറുന്നതിനിടെ പിന്നോട്ടുനീങ്ങിയ ലോറി മറിഞ്ഞു. കണ്ണാംപറമ്പ്-കയ്യൂണമ്മൽ-പി.ടി.എം. ഹയർസെക്കൻഡറി റോഡിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. ചെങ്കല്ലുമായി കയറ്റം കയറുന്നതിനിടെ ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.

വാഹനത്തിലുണ്ടായിരുന്ന ക്ലീനർ ചാടിരക്ഷപ്പെട്ടെങ്കിലും ഡ്രൈവർ വാഹനത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പ്രദേശവാസികൾ ഓടിയെത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്.

ഈ കയറ്റത്തിൽ അപകടങ്ങൾ നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസികളുടെ ഏക ആശ്രയവും കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡും ഇതുതന്നെയാണ്. അപകടങ്ങൾ പതിവായ സാഹചര്യത്തിൽ റോഡിലെ കയറ്റം കുറയ്ക്കാൻ നടപടി വേണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു. റോഡിലെ കയറ്റം മൂലം പലപ്പോഴും സാധനങ്ങൾ പാതി വഴിയിലിറക്കി തലച്ചുമടായി കൊണ്ടുപോവേണ്ട അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.

എം.ഐ. ഷാനവാസ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് ഈ റോഡ് കോൺക്രീറ്റ് ചെയ്തത്.