വടകര : കുരിയാടിയിൽ മത്സ്യബന്ധനതുറമുഖം നിർമിക്കുന്നതിനുള്ള പഠനം നടന്നുവരുന്നുണ്ടെന്നും ഇതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഹാർബർ എൻജിനിയറിങ് വിഭാഗം എൽ.ജെ.ഡി. ജില്ലാപ്രസിഡന്റ് മനയത്ത് ചന്ദ്രന് മറുപടി നൽകി. ഈവിഷയത്തിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പഠനങ്ങൾക്കായി ഹാർബർ എൻജിനിയറിങ് വിഭാഗം 59 ലക്ഷംരൂപ അനുവദിച്ചിരുന്നു. ഇതുപ്രകാരമുള്ള പഠനം പുരോഗമിച്ചുവരുകയാണ്. കടലാക്രമണം തടയാൻ കുരിയാടിയിൽ പുലിമുട്ട് നിർമിക്കുന്നതിന് സി.ഡബ്ല്യു.ആർ.പി.എസ്. പോലുള്ള ഏജൻസികളുടെ പഠനറിപ്പോർട്ട് ആവശ്യമാണെന്ന് മറ്റൊരു നിവേദനത്തിലുള്ള മറുപടിയിൽ വ്യക്തമാക്കി. കുരിയാടി കടപ്പുറത്തെ ഗ്രോയിൻ ഫീൽഡിന്റെ ഉൾപ്പെടെയുള്ള ലൊക്കേഷൻ സ്കെച്ചുകൾ സാധ്യതാപഠനത്തിനായി സി.ഡബ്ല്യു.പി.ആർ.എസിന് സമർപ്പിച്ചിട്ടുണ്ടെന്നും എൻജിനിയർ മറുപടി നൽകി.