കോർപ്പറേഷൻ പരസ്യവരുമാനം സ്വകാര്യവ്യക്തികൾ കൈയടക്കിയെന്ന്‌ ആരോപണം

കോഴിക്കോട് : ജി.എസ്.ടി. നിലവിൽവന്നശേഷം കോർപ്പറേഷന്റെ പരസ്യവരുമാനം ചില സ്വകാര്യവ്യക്തികൾ കൈയടക്കിയിരിക്കുകയാണെന്ന് കൗൺസിലിൽ പ്രതിപക്ഷ ആരോപണം.

ഒരുവർഷം 74 ലക്ഷംരൂപയാണ് ഇങ്ങിനെ കോർപ്പറേഷന് നഷ്ടമാവുന്നത്. കോർപ്പറേഷന് 2017 മുതലുള്ള വരുമാനം നഷ്ടമാവുന്നുവെന്ന് മാത്രല്ല ഭരണകക്ഷിയിലെ ഒരു യുവജനനേതാവിന്റെ താത്‌പര്യമാണ് സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

ഈ കമ്പനി മറ്റുള്ളവർ സ്ഥാപിക്കുന്ന ബോർഡുകൾ രാത്രിയൽ നശിപ്പിക്കുന്നുണ്ടെന്നും ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചുകൊണ്ട് കൗൺസിലർ കെ. മൊയ്തീൻകോയ പറഞ്ഞു.

ഡിവൈഡറിൽ ലൈറ്റ് സ്ഥാപിക്കുകയും ചെടികൾ നട്ട് പരിപാലിക്കുകയും ചെയ്യണമെന്ന വ്യവസ്ഥയിലാണ് മാവൂർറോഡിലൊക്കെ പരസ്യബോർഡുകൾ വെക്കാൻ അനുമതി നൽകിയത്. എന്നാൽ ഡിവൈഡറുകളൊക്കെ കോൺഗ്രീറ്റ് ചെയ്ത് അടച്ചിരിക്കുകയാണെന്ന ഭരണകക്ഷി കൗൺസിലറായ എൻ.സി. മോയിൻകുട്ടിയും ആരോപിച്ചു.

പരസ്യലൈസൻസ് ഫീ എന്നനിലയിൽ പണം ഇടാക്കാനുള്ള ബൈലോ സംസ്ഥാനസർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണെന്നും അതിന് അനുമതി ലഭിച്ചിട്ടില്ലെന്നും ഡെപ്യൂട്ടി സെക്രട്ടറി പി.എസ്. അച്യുതൻ മറുപടിനൽകി.

പാർക്കുകൾ പരിപാലിക്കാമെന്ന് പറഞ്ഞ് പരസ്യബോർഡുകൾക്ക് അനുമതിവാങ്ങിയിട്ട് ഒരു പരിപാലനവുമില്ലാതെ പലപാർക്കുകളും കാടുകയറിയിരിക്കുകയാണെന്ന് പ്രതിപക്ഷനോതാവ് കെ.സി. ശോഭിതയുടെ ആരോപണത്തിന് ഇക്കാര്യം അടിയന്തരമായി പരിശോധിക്കാമെന്ന് മേയർ ഡോ. എം. ബീനാ ഫിലിപ്പ് ഉറപ്പുനൽകി.

റോട്ടറിക്ലബ്ബിന് നൽകിയ 60 സെന്റ് തിരിച്ചെടുക്കും

കോർപ്പറേഷനിലെ അറുപത്തെട്ടാം വാർഡിൽ റോട്ടറി ക്ലബ്ബിന് ചിൽഡ്രൻസ് പാർക്കിനായി നൽകിയ ഭൂമി തിരിച്ചെടുക്കുമെന്ന് മേയർ പറഞ്ഞു.

1974-ൽ കോർപ്പറേഷൻ പാട്ടത്തിന് നൽകിയ സ്ഥലം റോട്ടറി ക്ലബ്ബ് സ്വന്തം സ്ഥലംപോലെ കൈവശം വെച്ചിരിക്കുകയാണെന്ന അനുരാധ തായാട്ടിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. റോട്ടറി ക്ലബ്ബ് പാട്ടവ്യവസ്ഥ ലംഘിച്ചതിനാൽ 2008-ൽതന്നെ കരാർ റദ്ദ് ചെയ്തതാണെന്ന് കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി പറഞ്ഞു.

ഒഴിപ്പിക്കാനുള്ള കോർപ്പറേഷന്റെ നടപടിക്കെതിരേ അവർ കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയിരിക്കുകയാണ്. അതിൽ കോർപ്പറേഷൻ വസ്തുതാവിവരണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സ്റ്റാൻഡിങ് കൗൺസലുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും സെക്രട്ടറി പറഞ്ഞു.

ആർട്‌സ്‌ കോളേജിനെച്ചൊല്ലി ബഹളം

:മീഞ്ചന്ത ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തണമെന്ന കൗൺസിലർ ടി.കെ. ഷമീനയുടെ പ്രമേയം ഏറെനേരം ബഹളത്തിനിടയാക്കി. ഈ പ്രമേയം വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെ അന്താരാഷ്ട്ര നിലവാരത്തിലാണെന്ന് പറയുന്ന മുഖ്യമന്ത്രിയെ അപമാനിക്കലാണെന്ന യു.ഡി.എഫ്. കൗൺസിലർ കെ. നിർമലയുടെ പരാമർശമാണ് ബഹളത്തിന് തുടക്കമിട്ടത്.

തുടർന്ന് കോളേജ് പ്രിൻസിപ്പലായിരുന്ന ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ കോഴിക്കോട് നോർത്തിലെയും സൗത്തിലെയും വിദ്യാലയങ്ങളുടെ വികസനത്തെ താരതമ്യപ്പെടുത്തി സംസാരിച്ചതോടെ അതിന് മറുപടിയുമായി പ്രതിപക്ഷ കൗൺസിലർമാരായ പി. ഉഷാദേവി, കെ. മൊയ്തീൻകോയ എന്നിവർ രംഗത്തെത്തി. ഇതിനിടയിൽ പ്രമേയ അവതാരകയും മറ്റ് കൗൺസിലർമാരും ഇടപെട്ട് സംസാരിച്ചതോടെ അല്പനേരം ബഹളമായി. പിന്നീട് സംസാരിച്ച ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദും ഡോ. എസ്. ജയശ്രീ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ചു.

വിവിധ വിഷയങ്ങളിൽ മനോഹരൻ മാങ്ങാറിയിൽ, വി.കെ. മോഹൻദാസ്, എം.സി. സുധാമണി എന്നിവർ ശ്രദ്ധക്ഷണിക്കലും വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ സി. രേഖ, കൗൺസിലർ ഇ.എം. സോമൻ എന്നിവർ പ്രമേയവും അവതരിപ്പിച്ചു.