നാദാപുരം : കോവിഡ് വ്യാപനം രൂക്ഷമായതോടെ നാദാപുരം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കല്ലാച്ചിയിൽ എഫ്.എൽ.ടി.സി. ഒരുക്കി.

നാദാപുരത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ടുചെയ്യപ്പെട്ടിരുന്നു. തിങ്കളാഴ്ചമാത്രം നാദാപുരത്ത് 15 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് വൈറസ് വ്യാപനത്തെ നേരിടാൻ ഗ്രാമപ്പഞ്ചായത്ത് ഒരുക്കങ്ങൾ തുടങ്ങിയത്.

കല്ലാച്ചി കമ്യൂണിറ്റി ഹാളിൽ എഫ്.എൽ.ടി.സി. ഒരുക്കി. 35 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയത്. അസിസ്റ്റന്റ് കളക്ടർ അനുപം മിശ്ര സ്ഥലം സന്ദർശിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമീല, ഹെൽത്ത് ഇൻസ്പെക്ടർ പി.വി സുരേന്ദ്രൻ എന്നിവർ അനുഗമിച്ചു.

നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സെക്രട്ടറി എം.പി. റജുലാൽ എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഒരുക്കങ്ങൾ വിശദീകരിച്ചു.