പേരാമ്പ്ര: കേട്ടുകേൾവിയില്ലാത്ത രോഗത്തിന്റെ ഭയാശങ്കകൾ നാടിനെ പിടിമുറുക്കിയ നാളുകൾ ഇന്നും അവരുടെ ഓർമയിലുണ്ട്. നിപരോഗം വളച്ചുകെട്ടി കുടുംബത്തിലെ ഉറ്റവരെ കൊണ്ടുപോയിട്ട് രണ്ടുവർഷമാകുന്നു. ഇപ്പോൾ കോവിഡ്-19 ഭീതിയിൽ ലോകം വീടുകൾക്കുള്ളിലേക്ക് ഒതുങ്ങിയപ്പോൾ രണ്ടുവർഷം മുമ്പ് സ്വയം ബന്ധുവീട്ടിലേക്ക് അകന്നുനിൽക്കേണ്ട സ്ഥിതിയിലായിരുന്നു വളച്ചുകെട്ടി കുടുംബത്തിലെ മറിയം ഉമ്മയും ഇളയ മകൻ മുത്തലിബും. രണ്ടുമാസത്തിലേറെ കാലമാണ് അങ്ങനെ കഴിഞ്ഞത്. മറ്റൊരു റംസാൻ മാസമെത്തവേ പ്രാർഥനയോടെ അവർ എല്ലാം ഓർക്കുന്നു.

ഭർത്താവും രണ്ട് മക്കളും നിപ വന്നു മരിച്ചപ്പോൾ അവരെയെല്ലാം ശുശ്രൂഷിച്ച മറിയവും മുത്തലിബും തനിച്ചായി. ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്നു മുത്തലിബ്. സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലേക്ക് എത്തിയതുമുതൽ നേരിടേണ്ടിവന്നത് നിനച്ചിരിക്കാത്ത കാര്യങ്ങൾ. എല്ലാ സഹായവും തന്ന് സ്നേഹിച്ച കൂടപ്പിറപ്പുകളും ഉപ്പയും നഷ്ടമായതിന്റെ വേദന, ചുറ്റും ഭയത്തിന്റെ അന്തരീക്ഷം.

താമസിച്ചിരുന്ന വീട്ടിൽനിന്ന് ഉമ്മയും മകനും ബന്ധുവീടുകളിലേക്ക് മാറിനിൽക്കേണ്ടി വന്ന നാളുകൾ. ആദ്യം മറിയത്തിന്റെ സഹോദരിയുടെ വീട്ടിലേക്ക്. പിന്നെ സഹോദരന്റെ വീട്ടിലേക്ക്. പലരും കാണുമ്പോൾ പേടിച്ച് മാറിനടന്നു. സൂപ്പിക്കടയിൽ ചുറ്റുമുള്ളവർ പലരും വീട് മാറി പോയി.

എല്ലാം അല്ലാഹുവിലർപ്പിച്ച് പ്രാർഥനയോടെ കഴിഞ്ഞു. അപ്പോഴും എല്ലാവിധ സഹായവും നൽകി ചേർത്തുപിടിച്ചവർ പലരുമുണ്ട്. പതുക്കെ കാലം എല്ലാ ഭയപ്പാടുകളും മായ്ച്ചു. നിപഭീതി കെട്ടടങ്ങി. സൂപ്പിക്കടയും ചുറ്റുപാടും പഴയപോലെയായി. കുടുംബം പുതിയ വീട്ടിൽ താമസം തുടങ്ങി. ആരെയും കുറ്റംപറയാനാകില്ലെന്ന് അക്കാലമോർത്ത് മുത്തലിബ് പറയുന്നു. രോഗഭീതിയുടെ സാഹചര്യമായിരുന്നല്ലോ ചുറ്റിലും.

മുത്തലിബ് ഇപ്പോൾ ബിരുദപഠനം കഴിഞ്ഞു. ഇനി പി.ജി.ക്ക്‌ പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജിൽ പഠിക്കാനുള്ള ആഗ്രഹത്തിലാണ്. വേദനകളെ പതിയെ മറികടക്കുകയാണീ കുടുംബം. റംസാൻ കാലത്ത് ഉമ്മയുടെ സഹോദരിയുടെ വീട്ടിലാണ് മറിയവും മകനുമുള്ളത്.

ലോകത്തെങ്ങും കൊറോണ പടർന്നപ്പോൾ മുത്തലിബ് സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ: ‘മനുഷ്യാ നീ ഇത്രേയേയുള്ളൂ. എല്ലാം നേടിക്കഴിഞ്ഞുവെന്ന ഗർവിനും എന്തിനെയും നേരിട്ടുകളയാം എന്ന അഹങ്കാരത്തിനുമൊക്കെ നിന്നെപ്പോലെ തന്നെ അല്പായുസ്സേയുള്ളൂ. ഒരുനിമിഷം മതി എല്ലാം അവസാനിക്കാൻ. തൊണ്ടക്കുഴിയിൽ ശ്വാസമുള്ള കാലത്തോളം സ്നേഹിച്ചും സഹായിച്ചും ജീവിക്കാൻ ശ്രമിക്കുക. അങ്ങനെയേ ജീവൻതന്ന അല്ലാഹുവിനോട് നന്ദി കാണിക്കാൻ കഴിയൂ... നന്മ നേരുന്നു. നന്മവരും.’

Content Highlight: Two years  Nipah's first death