വടകര : കോവിഡ് കേസുകൾ ഓരോദിവസം കഴിയുന്തോറും വടകരമേഖലയിൽ കൂടിവരുന്നത് ആശങ്കയുണർത്തുന്നു. കഴിഞ്ഞദിവസങ്ങളിൽ നടത്തിയ മെഗാകോവിഡ് ടെസ്റ്റ് ക്യാമ്പിലെ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൂടാതെ ആശുപത്രികളിൽ പരിശോധനയ്ക്ക് വരുന്ന എല്ലാവർക്കും ഇപ്പോൾ കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. ഇതോടെയാണ് രോഗബാധിതർ കൂടുന്നത്. ഇവരുടെ സമ്പർക്കംകൂടി പരിശോധിക്കുമ്പോൾ ഇനിയും രോഗബാധിതരുടെ എണ്ണം കൂടും.

പരിശോധന വർധിപ്പിക്കുമ്പോൾ രോഗികളും കൂടുന്നു എന്നത് രോഗം സജീവമാണെന്നതിന്റെ സൂചനയായാണ് ആരോഗ്യവകുപ്പ് കാണുന്നത്. നഗരസഭയിൽമാത്രം ഞായറാഴ്ച റിപ്പോർട്ട് ചെയ്തത് 68 കേസുകളാണ്. ചോറോടിൽ 36, ഏറാമലയിൽ 29, വില്യാപ്പള്ളിയിൽ 36, തിരുവള്ളൂരിൽ 27, ആയഞ്ചേരിയിൽ 18, മണിയൂർ, അഴിയൂർ പഞ്ചായത്തുകളിൽ 14 വീതം എന്നിങ്ങനെയാണ് ഞായറാഴ്ചത്തെ കണക്ക്. ഭൂരിഭാഗംപേരും വീടുകളിൽ തന്നെയാണ് കഴിയുന്നത്.

ആരോഗ്യപ്രശ്നങ്ങളുള്ളവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും പോകുന്നുണ്ട്. വടകരമേഖലയിൽ നിലവിൽ എവിടെയും ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളില്ല. ഉടൻത്തന്നെ ഇത്തരം കേന്ദ്രങ്ങൾ വേണ്ടിവരുമെന്നാണ് സൂചന. സ്ഥലം കണ്ടെത്തിവെക്കാൻ നിർദേശം ലഭിച്ചിട്ടുണ്ട്. ഇതിനിടെ വാക്സിനേഷൻ ക്യാമ്പുകൾക്ക് തിരിച്ചടിയായി വാക്സിൻക്ഷാമവും അനുഭവപ്പെട്ടുതുടങ്ങി. പലയിടത്തും തിങ്കളാഴ്ചത്തേക്ക് വരെ വാക്സിൻ സ്റ്റോക്കില്ല. തിങ്കളാഴ്ച രാവിലെ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

വിവാഹങ്ങൾ മാറ്റിവെച്ചുതുടങ്ങി

കോവിഡ് കേസുകൾ കുറഞ്ഞതോടെ സജീവമായ വിവാഹങ്ങളും മറ്റ് വിശേഷചടങ്ങുകളും പുതിയ പശ്ചാത്തലത്തിൽ ചടങ്ങുമാത്രമായി ചുരുക്കാൻ തുടങ്ങി. വടകരമേഖലയിൽ പലയിടത്തും വിവാഹസത്കാരങ്ങൾ ഉൾപ്പെടെ കഴിഞ്ഞദിവസങ്ങളിൽ മാറ്റി. കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണിത്. ഇപ്പോൾ രോഗം കൂടിയതിന്റെ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് നിയന്ത്രണങ്ങൾ പാലിക്കാതെ നടത്തിയ വിവാഹംപോലുള്ള ചടങ്ങുകളാണ്. രോഗം കുറഞ്ഞതോടെ പഴയതുപോലെ ആയിരംമുതൽ രണ്ടായിരം പേരെവരെ പങ്കെടുപ്പിച്ചുകൊണ്ട് വിവാഹങ്ങൾ നടത്തിയിരുന്നു. വടകരയിൽ 68 പേർക്ക് കോവിഡ്

ചോറോടിലും വില്യാപ്പള്ളിയിലും 36 വീതം

ഏറാമലയിൽ മെഗാക്യാമ്പുകൾ ഇന്നുമുതൽ

: ഏറാമല ഗ്രാമപ്പഞ്ചായത്തിന്റെയും ഓർക്കാട്ടേരി സി.എച്ച്.സി.യുടെയും നേതൃത്വത്തിൽ ഏറാമല പഞ്ചായത്തിലെ മെഗാകോവിഡ് ടെസ്റ്റ് ക്യാമ്പുകൾ തിങ്കളാഴ്ച തുടങ്ങും. ഒന്ന്, 16, 18 വാർഡുകളിലെ ക്യാമ്പ് കുന്നുമ്മക്കര എൽ.പി. സ്കൂളിൽ രാവിലെ 10 മണിക്ക് ആരംഭിക്കും. വാർഡ് 19-ലെ ക്യാമ്പ് ചൊവ്വാഴ്ച രാവിലെ തട്ടോളിക്കര യു.പി. സ്കൂളിലും അഞ്ചാംവാർഡിലേത് വ്യാഴാഴ്ചയും നടക്കും.

തീവ്രവ്യാപനപ്രദേശങ്ങളായ 12, 13 വാർഡുകൾ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വി.കെ. ജസീലയുടെ നേതൃത്വത്തിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തിങ്കളാഴ്ച രാവിലെ 10.30-ന് ഓർക്കാട്ടേരി ടൗണിലെ വ്യാപാര പ്രതിനിധികളുടെയും ആരാധാനാലയ പ്രതിനിധികളുടെയും പഞ്ചായത്ത് ആർ.ആർ.ടി. പ്രതിനിധികളുടെയും യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി അറിയിച്ചു.