നടുവണ്ണൂർ : ഗുണമേന്മയുള്ള കോഴിമുട്ട ഉത്പാദനത്തിലൂടെ സ്വയംപര്യാപ്തത നേടാൻ കോട്ടൂർ ഗ്രാമപ്പഞ്ചായത്തിൽ 75 ലക്ഷം രൂപയുടെ പദ്ധതി. വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 150 കുടുംബങ്ങൾക്ക് 50 വീതം അത്യുത്പാദനശേഷിയുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ നൽകും. 45 ദിവസം പ്രായമുള്ള ബി.വി. 380 ഇനം കോഴിക്കുഞ്ഞുങ്ങളെയാണ് നൽകുക. ബെംഗളൂരുവിലെ വെങ്കിടേശര ഹാച്ചറിയിൽനിന്ന് ഇവയെ എത്തിക്കും. അഞ്ചുമാസംകൊണ്ട് മുട്ട ഇട്ടുതുടങ്ങും. മുട്ട ഇടുന്നതുവരേയുള്ള തീറ്റയും മരുന്നും ഗ്രാമപ്പഞ്ചായത്ത് നൽകും. പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രം കോഴിവളർത്തലിൽ വനിതകൾക്ക് പരിശീലനം നൽകും.

കോഴികളെ വളർ‌ത്താൻ ശാസ്ത്രീയമായി നിർമിച്ച കൂട് ഗ്രാമപ്പഞ്ചായത്ത് നൽകും. തൊഴിലുറപ്പുപദ്ധതിയിലെ വിദഗ്ധ തൊഴിലാളികളാണ് കൂട് നിർമിക്കുക. 40,000 രൂപ വിലവരുന്ന കൂടാണ് നൽകുക. ഓരോ കുടുംബവും ഗുണഭോക്തൃവിഹിതമായി 4000 രൂപ അടയ്ക്കണം. മുട്ടകൾ സംഭരിക്കാനും വിൽപ്പന നടത്താനും കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ രണ്ടോ മൂന്നോ കേന്ദ്രങ്ങൾ ഒരുക്കും. ക്ഷീരകർഷകരിൽനിന്ന് പാൽ ശേഖരിക്കുന്നതുപോലെ മുട്ട സംഭരിക്കും. ഗുണമേന്മ ഉറപ്പുവരുത്തി ബ്രാൻഡ് ചെയ്താണ് മുട്ടകൾ വിൽപ്പന നടത്തുക. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങിയാൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ 19 വാർഡുകളിലും ഗ്രാമസഭകൾ ചേരും. സേഫ് മിൽക്ക് പദ്ധതിയിലൂടെ ഗുണമേന്മയുള്ള പാൽ ഉത്‌പാദിപ്പിച്ച് ക്ഷീരസമൃദ്ധി നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കോട്ടൂർ വെറ്ററിനറി ഡിസ്പെൻസറി മുട്ടഗ്രാമം കോട്ടൂർ മോഡൽ പദ്ധതിക്ക്‌ നേതൃത്വം നൽകുന്നത്.

ലക്ഷ്യം വനിതകളുടെ സുസ്ഥിരവികസനം

സ്വയംതൊഴിൽ മേഖലയിൽ വനിതകൾക്ക് വരുമാനം ഉറപ്പാക്കി സുസ്ഥിരവികസനം നേടുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ചെറിയ മുതൽമുടക്കിലാണ് കുടുംബങ്ങൾ വരുമാനം നേടുക. കോട്ടൂർ ഗ്രാമം പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടിയതുപോലെ മുട്ട ഉത്പാദനത്തിലും മികവ് കൈവരിക്കും.

കെ. ഷൈൻ,

ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ

വനിതകൾക്ക് അനുഗ്രഹം

തൊഴിലും വരുമാനവുമില്ലാത്ത വനിതകൾക്ക് മുട്ടഗ്രാമം കോട്ടൂർ മോഡൽ പദ്ധതി അനുഗ്രഹമാകും. കോഴിവളർത്തൽ ഏതൊരു വനിതയ്ക്കും സ്വീകാര്യമാണ്. അതുകൊണ്ട് പദ്ധതി വിജയിക്കും.

ഇന്ദിര കൊയിലോത്ത്,

കുന്നരംവെള്ളി

പ്രതിദിനം 7500 മുട്ടയാണ് ലക്ഷ്യമിടുന്നത്

പദ്ധതിയിലൂടെ പ്രതിദിനം 7500 മുട്ടകൾ ഉത്പാദിപ്പിക്കപ്പെടും. ഇവയുടെ സംഭരണത്തിനും വിപണനത്തിനും കേന്ദ്രങ്ങളൊരുക്കും. മുട്ടകൾ ബ്ലോക്ക് തലത്തിൽ വിൽപ്പന നടത്തും. ജനകീയ ഹോട്ടലുകളിലും വിദ്യാലയങ്ങൾ തുറക്കുന്ന മുറയ്ക്ക് സ്കൂളുകളിലും അങ്കണവാടികളിലും മുട്ട വിതരണം ചെയ്യും.

സി. ഷീജ,

സി.ഡി.എസ്. ചെയർപേഴ്‌സൺ

കോട്ടൂർ ഗ്രാമപ്പഞ്ചായത്ത്

നടപ്പാക്കുന്നത് സുഭിക്ഷകേരളം പദ്ധതി

കോട്ടൂർ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് കോട്ടൂർ മോഡൽ മുട്ടഗ്രാമം പദ്ധതി നടപ്പാക്കുന്നത്. കോഴികളുടെ ആരോഗ്യം രോഗപ്രതിരോധശേഷി എന്നിവ വെറ്ററിനറി ഡിസ്പെൻസറി ഉറപ്പുവരുത്തും.

ഡോ. എ. ധന്യ,

വെറ്ററിനറി സർജൻ കോട്ടൂർ വെറ്ററിനറി ഡിസ്പെൻസറി