താമരശ്ശേരി : പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരനും എൻ.ജി.ഒ. അസോസിയേഷൻ താമരശ്ശേരി ബ്രാഞ്ച് ജോയന്റ് സെക്രട്ടറിയുമായ ഉണ്ണിക്കണ്ണനെ മർദിച്ചതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിനുമുമ്പിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉണ്ണിക്കണ്ണൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 16-ാം തീയതി ഉച്ചയ്ക്കുശേഷം പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിലെത്തിയ ഒരു സംഘം ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയുമാണുണ്ടായതെന്ന് പരാതിയിൽ പറയുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് മെഡിക്കൽ ഓഫീസറും പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

ആശുപത്രിജീവനക്കാരനെ കൈയേറ്റംചെയ്ത എൻ.ജി.ഒ. യൂണിയൻ പ്രവർത്തകർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധയോഗം ഉദ്ഘാടനംചെയ്ത എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡൻറ് കെ. പ്രദീപൻ ആവശ്യപ്പെട്ടു. ‌ബ്രാഞ്ച് പ്രസിഡൻറ് കെ. ഫവാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, ജില്ലാ ജോയന്റ് സെക്രട്ടറി വി. വിപീഷ്, ബ്രാഞ്ച് സെക്രട്ടറി പി. അരുൺ എന്നിവർ സംസാരിച്ചു.