മുക്കം : കോൺഗ്രസിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്ന മുക്കത്ത് തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിസന്ധി രൂക്ഷമാകുന്നു. ഒരുവിഭാഗം നേതാക്കൾ മാസങ്ങളായി ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് ജില്ലാ-സംസ്ഥാന നേതൃത്വത്തിന് പരിഹാരം കാണാൻ കഴിയാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
ഇതേത്തുടർന്ന്, ഞായറാഴ്ച ചേർന്ന മണ്ഡലം കോൺഗ്രസ് ജനറൽ ബോഡി യോഗം ഐ വിഭാഗം പ്രവർത്തകർ ബഹിഷ്കരിച്ചു. കെ.പി.സി.സി. നിർദേശപ്രകാരം നിയമസഭാ തിരഞ്ഞെടുപ്പ്, പ്രതിപക്ഷ നേതാവിന്റെ കേരളയാത്ര, വോട്ടർപ്പട്ടികയിൽ പേരുചേർക്കൽ എന്നിവ ചർച്ചചെയ്യുന്നതിനായി ചേർന്ന ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ ബൂത്ത്, ഡിവിഷൻ പ്രസിഡൻറുമാർ, പോഷകസംഘടനാ പ്രസിഡൻറുമാർ, മുനിസിപ്പൽ കൗൺസിലർമാർ, തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥികൾ എന്നിവരുടെ സംയുക്തയോഗമാണ് ഐ വിഭാഗം ബഹിഷ്കരിച്ചത്. മണ്ഡലത്തിലെ സംഘടനാപ്രശ്നങ്ങളെ സംബന്ധിച്ച് കഴിഞ്ഞ നാലുവർഷമായി ജില്ലാ, സംസ്ഥാന കമ്മിറ്റികൾക്ക് രേഖാമൂലം നൽകിയ പരാതികൾക്ക് യാതൊരുനടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലും മുക്കം സർവീസ് സഹകരണബാങ്ക് വിഷയത്തിൽ മേൽക്കമ്മിറ്റി സ്വീകരിച്ച നിലപാടിൽ മാറ്റമുണ്ടാവാത്ത സാഹചര്യത്തിലുമായിരുന്നു ബഹിഷ്കരണം.
കോൺഗ്രസ് പ്രവർത്തകരുടെ പരാതിക്ക് പരിഹാരമുണ്ടാകുന്നതുവരെ പാർട്ടിപരിപാടികളിൽനിന്ന് പൂർണമായി വിട്ടുനിൽക്കാനാണ് ഐ ഗ്രൂപ്പിന്റെ തിരുമാനം.
മുക്കം സർവീസ് സഹകരണബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് ഇടയാക്കിയത് കെ.പി.സി.സി.യുടെയും ജില്ലാകമ്മിറ്റിയുടെയും കഴിവുകേടാണെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മേൽക്കമ്മിറ്റികൾ സ്വീകരിക്കുന്നതന്നും ഐ വിഭാഗം കുറ്റപ്പെടുത്തുന്നു.