കോഴിക്കോട് : വെങ്ങളം ബൈപ്പാസിലെ കോരപ്പുഴപ്പാലത്തിൽ കണ്ടെയ്നർലോറി കേടായി നിന്നതിനെത്തുടർന്ന് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാത്രി 11.30-ഒാടെയാണ് സംഭവം. തമിഴ്നാട്ടിലെ മില്ലിലേക്ക് തുണിയുമായി പോകുകയായിരുന്ന ലോറി റോഡിന് നടുവിലാണ് നിന്നുപോയത്. ഗതാഗതക്കുരുക്കുണ്ടായെങ്കിലും ഉടൻ പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു.
ഒരു വശത്തുകൂടെ വാഹനങ്ങൾ കടത്തിവിട്ട് കുരുക്കൊഴിവാക്കി. സർവീസ് സ്റ്റേഷനിൽനിന്ന് ആളെത്തി വണ്ടി നീക്കിയാൽമാത്രമേ ഗതാഗതം പഴയപടിയാകൂവെന്ന് പോലീസ് പറഞ്ഞു. കൺട്രോൾ റൂം പോലീസ്, എലത്തൂർ പോലീസിന്റെ മൊബൈൽ യൂണിറ്റ് എന്നിവരാണ് സ്ഥലത്തെത്തിയത്.