പേരാമ്പ്ര : കോവിഡ് വ്യാപനം തടയുന്നതിന് പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കാൻ ബ്ലോക്ക് പഞ്ചായത്തിന്റ നേതൃത്വത്തിൽ നടത്തിയ വ്യാപാരി സംഘടനകളുടെയും ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു.

പേരാമ്പ്ര ടൗണിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും രാത്രി ഒമ്പതിന് അടയ്ക്കണം. മാളുകളിൽ പ്രവേശിക്കുന്ന ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. 10 വയസ്സിന് താഴെയുള്ളവരും 60 കഴിഞ്ഞവരും സ്ഥാപനങ്ങളിൽ വരുന്നത് ഒഴിവാക്കണം. എല്ലാ കടകളിലും സാനിറ്റൈസർ ഉപയോഗിക്കണം. വ്യാപാരികളും തൊഴിലാളികളും ഉപഭോക്താക്കളും മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണം. എല്ലാ സ്ഥാപനങ്ങളിലും എ.സി. ഉപയോഗം ഒഴിവാക്കണം.

വാഹനങ്ങളിൽ ഡ്രൈവറും യാത്രക്കാരുമായി സന്പർക്കമുണ്ടാകാത്തവിധം ക്രമീകരണം ഉണ്ടാക്കണമെന്നും യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം പാലിക്കണമെന്നും യോഗം നിർദേശിച്ചു. മെഗാ വാക്സിനേഷൻ ക്യാമ്പുകളും രോഗപരിശോധനാ ക്യാമ്പുകളും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷനായി.

ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര, സുരേഷ്, ശശികുമാർ, വ്യാപാരിസംഘടനാ പ്രതിനിധികളായ അലങ്കാർ ഭാസ്കരൻ, ഒ.പി. മുഹമ്മദ്, സുരേഷ്ബാബു കൈലാസ്, സി.കെ. ചന്ദ്രൻ ,ബി.എം. മുഹമ്മദ്, ട്രേഡ് യൂണിയൻ നേതാക്കളായ മനോജ് പരാണ്ടി, ഒ.ടി. രാജു, റഹിം, കെ.വി. ബാലൻ, ഇ.കെ. കൃഷ്ണൻ, ചന്ദ്രൻ കുണ്ടുങ്കര, പി. രാജീവൻ എന്നിവർ സംസാരിച്ചു.