ബേപ്പൂർ : മംഗളൂരുവിൽ വിദേശക്കപ്പലിടിച്ച്‌ മത്സ്യബോട്ട്‌ തകർന്ന സംഭവത്തിൽ കഴിഞ്ഞദിവസം നാവികസേന കരയ്ക്കെത്തിച്ച ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹംകൂടി തിരിച്ചറിഞ്ഞു. തമിഴ്‌നാട്‌ സ്വദേശി പഴനിവേലിന്റെ (51) മൃതദേഹമാണ്‌ തിരിച്ചറിഞ്ഞത്‌.

ഇന്നലെ കണ്ടെത്തിയ മറ്റ്‌ രണ്ട്‌ മൃതദേഹങ്ങളും മംഗളൂരു ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌.

കർമസമിതി രൂപവത്‌കരിച്ചു

ബേപ്പൂർ : മംഗളൂരുവിൽ വിദേശകപ്പലിടിച്ച്‌ മത്സ്യബന്ധനബോട്ട്‌ തകർന്ന്‌ മരിച്ച മത്സ്യത്തൊഴിലാളികൾക്കും കാണാതായവർക്കും നഷ്ടപരിഹാരവും മറ്റ്‌ ആനുകൂല്യങ്ങളും നൽകണമെന്ന്‌ ഇതുമായി ബന്ധപ്പെട്ട്‌ ബേപ്പൂരിൽചേർന്ന മത്സ്യബന്ധനമേഖലയിലെ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.

തകർന്ന ബോട്ടിന്റെ ഉടമയ്ക്കും സാമ്പത്തികസഹായം നൽകണം. ഈ ആവശ്യങ്ങൾ മുൻനിർത്തി കർമസമിതി രൂപവത്‌കരിച്ചു. പൊതുജനങ്ങളിൽനിന്ന് ധനശേഖരണംനടത്തി അടിയന്തര സാമ്പത്തികസഹായം ലഭ്യമാക്കണമെന്ന് യോഗം നിർദേശിച്ചു. യോഗത്തിൽ ബേപ്പൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ടി.കെ. അബ്ദുൾ ഗഫൂർ അധ്യക്ഷനായി. പി.എ. അബൂബക്കർ, മുസ്തഫ ഹാജി, എ. ലാലു, രമേശൻ, ഇഖ്‌ബാൽ, കരുവള്ളി ശശി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കരിച്ചാലി പ്രേമൻ (ചെയ.), വി. ഹനീഫ ഹാജി (കൺ.), കെ.വി. ശിവദാസൻ, ജബ്ബാർ (വൈസ്‌ ചെയ.), കെ.പി. ഹുസൈൻ, എം. ബഷീർ, കെ. ദേവരാജൻ (ജോ. കൺ.), ടി.കെ. അബ്ദുൾ ഗഫൂർ (ട്രഷ.).

അന്വേഷണം നടത്തണം

കോഴിക്കോട് : ബേപ്പൂർ തുറമുഖത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ടിൽ മംഗലാപുരത്ത് പുറംകടലിൽ കപ്പലിടിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ് ആർ. ഓസ്റ്റിൻ ഗോമസ് ആവശ്യപ്പെട്ടു.