അരിക്കുളം : അരിക്കുളം ഗ്രാമപ്പഞ്ചായത്ത് ഒൻപതാം വാർഡിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യ സംഭരണകേന്ദ്രം (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി -എം.സി.എഫ്.) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം മുറുകുന്നു. ഉദ്ദേശിച്ച സ്ഥലത്തുതന്നെ മാലിന്യസംഭരണകേന്ദ്രം സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുമ്പോൾ,അനുവദിക്കില്ലെന്ന വാശിയിലാണ് ജനകീയ കർമസമിതി. കനാൽപുറമ്പോക്കിൽ മാലിന്യ സംഭരണകേന്ദ്രം സ്ഥാപിക്കുന്നതിനെതിരേ സംഘടിച്ചിരിക്കുകയാണ് പ്രദേശവാസികൾ.

ഒമ്പതാംവാർഡിലെയും സമീപസ്ഥലങ്ങളിലേയും ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഒത്തു ചേരുന്നിടത്താണ് മാലിന്യസംഭരണകേന്ദ്രം സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നതെന്ന് കർമസമിതി ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. വിവിധ കലാസാംസ്കാരിക പരിപാടികൾ നടത്തുന്നത് കനാൽ പുറമ്പോക്ക് ഭൂമിയിലാണ്. ഇവിടെ മാലിന്യസംഭരണ കേന്ദ്രം പണിയാൻ പഞ്ചായത്ത് തീരുമാനിച്ചത് മുതൽ ജനകീയ കർമസമിതി സമരത്തിലാണ്.

അരിക്കുളത്ത് കളിക്കാനോ മറ്റ് വിനോദങ്ങൾക്കോ മൈതാനമോ പൊതു ഇടങ്ങളോ ഇല്ല. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് കനാൽസ്ഥലം മാലിന്യ സംഭരണ കേന്ദ്രമാക്കാൻ തീരുമാനിച്ചത്. എം.സി.എഫ്. സ്ഥാപിക്കാനായി ഗ്രാമപ്പഞ്ചായത്തിന്റെ അപേക്ഷ പ്രകാരം പത്ത് സെന്റ് ഭൂമി വിട്ടുകൊടുക്കാൻ കളക്ടർ ജലസേചനവകുപ്പിന് നിർദേശം നൽകിയിരുന്നു.

എന്നാൽ താത്‌കാലികമായി അഞ്ച് സെന്റ് സ്ഥലം വിട്ടുനൽകാനായിരുന്നു ജലസേചനവകുപ്പിന്റെ തീരുമാനം. ഇക്കാര്യം ജനകീയകർമസമിതി കൺവീനർ സി. രാഘവന് കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്‌ എക്സിക്യുട്ടീവ് എൻജിനിയർ മറുപടി നൽകിയിട്ടുണ്ട്.

ജനങ്ങൾക്ക് പ്രയാസമില്ലാത്തവിധം മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കാൻ ആവശ്യമായ പുറമ്പോക്ക് ഭൂമി അരിക്കുളം പഞ്ചായത്തിന്റെ പലഭാഗത്തും ഉണ്ടായിട്ടും ജനാഭിപ്രായം മുഖവിലയ്ക്കെടുക്കാതെയാണ് കനാൽപുറേേമ്പാക്ക് സ്ഥലത്ത് സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.

എന്നാൽ വലിയ ലോറിവരാൻ റോഡ് സൗകര്യമുള്ളയിടത്തുമാത്രമേ എം.സി.എഫ്. സ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു. ജനങ്ങളോടുള്ള വെല്ലുവിളി

അരിക്കുളം എൽ.പി. സ്കൂളിനും അങ്കണവാടിക്കും സമീപമുള്ള കനാൽ പുറമ്പോക്ക് ഭൂമിയിൽ എം.സി.എഫ്. സ്ഥാപിക്കാൻ ശ്രമിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഗ്രാമസഭ ഇതിനെതിരേ പ്രമേയം പാസാക്കിയിട്ടുണ്ട്. പൊതുസ്ഥലമോ, മൈതാനങ്ങളോ ഇല്ലാത്ത അരിക്കുളത്ത് പ്രദേശവാസികൾ ഒത്തുകൂടാൻ ഉപയോഗിക്കുന്നത് ഈ സ്ഥലമാണ്. മാലിന്യസംഭരണ കേന്ദ്രത്തിന് സമീപം വയോജന വിശ്രമകേന്ദ്രം പണിയാനുള്ള നീക്കം അപഹാസ്യമാണ്.

സി. രാഘവൻ

ജനകീയ കർമസമിതി കൺവീനർഎം.സി.എഫ്. സ്ഥാപിക്കുകതന്നെ ചെയ്യും

അരിക്കുളത്ത് എം.സി.എഫ്. സ്ഥാപിക്കാൻ കളക്ടർ അനുവദിച്ചുതന്ന സ്ഥലമാണ് കനാൽപുറമ്പോക്ക് ഭൂമി. അവിടെ എം.സി.എഫ്. സ്ഥാപിക്കുകതന്നെ ചെയ്യും. എം.സി.എഫ്. സ്ഥാപിച്ചില്ലെങ്കിൽ പഞ്ചായത്തിന് പല ഫണ്ടുകളും നഷ്ടമാകും. ജലസേചനവകുപ്പിൽനിന്ന് 10 സെന്റ് സ്ഥലം ഇതിനായി അനുവദിപ്പിക്കും. എല്ലാ പഞ്ചായത്തിലും കളിസ്ഥലത്തിന് സർക്കാർഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ കനാൽപുറമ്പോക്ക് കളിസ്ഥലമായി ഉപയോഗിക്കേണ്ട അവസ്ഥ ഉണ്ടാവില്ല.

എ.എം. സുഗതൻ

അരിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്