കാരശ്ശേരി : കോവിഡ് ഹൈ റിസ്ക് മേഖലയായി പ്രഖ്യാപിക്കപ്പെട്ട കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ അതിർത്തികൾ അടച്ചു. ഞായറാഴ്ച ചേർന്ന പോലീസ് അധികാരികളുടെയും ഭരണസമിതി അംഗങ്ങളുടെയും മെഡിക്കൽ ഓഫീസറുടെയും സംയുക്ത യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ പോക്കറ്റ് റോഡുകളും അടച്ചുപൂട്ടി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കക്കാട് -മാടകശ്ശേരി-വലിയപറമ്പ് റോഡ്, മാളിയേക്കൽ -സർക്കാർപറമ്പ് റോഡ്, നെല്ലിക്കാപറമ്പ്-സർക്കാർപറമ്പ് റോഡ്, കാരശ്ശേരി-കറുത്തപറമ്പ് റോഡ്, കറുത്തപറമ്പ്-എള്ളങ്ങൽ റോഡ്, വലിയപറമ്പ്-തൊണ്ടയിൽ റോഡ്, ആനയാംകുന്ന് ഹൈസ്കൂൾ റോഡ്, മാന്ത്ര-കളരിക്കണ്ടി റോഡ്, മലാംകുന്ന് റോഡ്, എടലംമ്പാട്ട് റോഡ്, പട്ടർചോല റോഡ്, തടപറമ്പ് റോഡ്, കൈക്കോട്ടുംപൊയിൽ റോഡ് തുടങ്ങിയവയാണ് അടച്ചത്. അതേസമയം ആംബുലൻസ് പോലുള്ള അവശ്യസർവീസിന് തുറന്നുകൊടുക്കാൻ ആർ.ആർ.ടി. വൊളന്റിയർമാർ ഇവിടങ്ങളിൽ കാവലുണ്ടാകും.

രോഗികൾ, ക്വാറന്റീനിലുള്ളവർ തുടങ്ങി ഭക്ഷണം ആവശ്യമുള്ള എല്ലാവർക്കും എത്തിച്ചുകൊടുക്കുമെന്നും പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. 9562307018, 9846798373 നമ്പരുകളിൽ ബന്ധപ്പെടാം.

പഞ്ചായത്തിൽ നിയന്ത്രണം അവസാനിക്കുംവരെ മെഡിക്കൽ സംബന്ധമായ സ്ഥാപനങ്ങളും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും മാത്രമേ തുറക്കൂ. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 9 മുതൽ വൈകീട്ട് 3 വരെ പ്രവർത്തിക്കാം. യാതൊരു നിർമാണ പ്രവൃത്തികളും പാടില്ല. എന്ത് ആവശ്യങ്ങൾക്കും ആർ.ആർ.ടി. വൊളന്റിയർമാരുടെയും ഗ്രാമപ്പഞ്ചായത്ത്‌ മെമ്പർമാരുടെയും പഞ്ചായത്തിന്റെയും സഹായം തേടാവുന്നതാണ്. യാതൊരു കുടിച്ചേരലുകളും പാടില്ല.

ഹെൽപ്പ്‌ ഡെസ്‌ക്

നരിക്കുനി : അഞ്ചാംവാർഡിൽ കോവിഡ് ഹെൽപ്പ്‌ ഡെസ്‌ക് തുടങ്ങി. വാർഡിൽ ക്ലസ്റ്ററുകൾ രൂപവത്‌കരിക്കും. ആർ.ആർ.ടി.മാർക്ക് വാക്‌സിനേഷൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹെൽപ്പ്‌ ഡെസ്‌ക് ഉദ്ഘടനത്തിൽ ആർ.ആർ.ടി. അംഗങ്ങൾ ആവശ്യപ്പെട്ടു.

വാർഡ് മെമ്പർ മിനി പുതിയോത്ത് അധ്യക്ഷയായി. അബ്ദുറഹിമാൻ, ആർ.ആർ.ടി.മാരായ എം.ബി ഷൈനോജ്, പ്രശോബ്, അഭിനന്ദ്, അർജുൻ, സാബിറ, മുഹ്‌സിനത്, ഭാസിത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.