വളയം : ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്തിനെ ‘ഹൈലി ക്രിട്ടിക്കൽ സോൺ’ ആയി ജില്ലാഭരണകൂടം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് നടപടി.

വളയം പോലീസിന്റെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് അതിർത്തി റോഡുകൾ അടച്ചു. പോസിറ്റിവിറ്റി കൂടുതലുള്ള വാർഡുകൾ പൂർണമായും അടച്ചിടും. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഒമ്പതുമുതൽ വൈകുന്നേരം മൂന്നുവരെ മാത്രമെ തുറക്കാൻ പാടുള്ളൂ. മത്സ്യമാർക്കറ്റുകൾ, ഇറച്ചിക്കടകൾ എന്നിവ അടച്ചിടും. വാഹനങ്ങളിൽ കൊണ്ടുപോയി വിൽപ്പന നടത്തുന്നതിന് വിലക്കില്ല. പഞ്ചായത്തിൽ കൃഷി ഒഴികെയുള്ള പ്രവർത്തികൾ ഒന്നുംതന്നെ അനുവദിക്കില്ല. ആർ.ആർ.ടി. വൊളന്റിയർമാർ ഒഴികെ മറ്റാരും വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പാടില്ല. സ്കൂളുകളിൽനിന്ന് ഉൾപ്പടെയുള്ള കിറ്റ് വിതരണം ആർ.ആർ.ടി.മാർ മുഖേന മാത്രമായിരിക്കും നടത്തുക.