കോഴിക്കോട്

: ‘ഇന്നലെ രാത്രി ദമയന്തി എന്റെ അടുത്ത് വന്നു. നീണ്ടമുടിയഴകും മെലിഞ്ഞ മേനിയഴകും വട്ടമിഴികൾക്കും അധരങ്ങൾക്കും ചുറ്റും സങ്കടപ്പാടുകളുടെ കറുത്തചായങ്ങളും കഠിനമായി കലർന്ന സർപ്പസുന്ദരിയായിരുന്നു അവൾ! അവൾ കിതച്ചും കരഞ്ഞും കൊണ്ടും പറഞ്ഞു: ‘‘നിങ്ങൾ നാടകമെഴുത്തുകാരൻ ഇവിടെ മരണത്തോട് കഥപറഞ്ഞ് മല്ലടിക്കുന്നു! നിങ്ങൾ അപൂർണമാക്കിയ നാടകം അവിടെ അനാഥമായി കിടക്കുന്നു. അപൂർണവും അനാഥവുമായ ആ നാടകത്തിലെ കഥാപാത്രമാണ് ഞാൻ. നിങ്ങൾ അപൂർണമായി ഉപേക്ഷിച്ച എന്റെ ജീവിതം എന്താണ് ഞാൻ ചെയ്യേണ്ടത്? എന്റെ ജീവിതാന്ത്യം എന്താണ്? നിങ്ങൾതന്നെ ഉത്തരം പറയണം.’’

രക്താർബുദവാർഡിൽ കിടന്നുകൊണ്ട് അഞ്ചുനാൾ മുമ്പ് എ. ശാന്തകുമാർ എന്ന നാടകകൃത്ത് ഫെയ്സ് ബുക്കിൽ കുറിച്ചതാണ് ഈ വരികൾ. ആശുപത്രിക്കിടക്കയിലും നാടകമായിരുന്നു ശാന്തന്റെ ഉള്ളുനിറയെ. സൗഹൃദങ്ങളും നാടകങ്ങളുമാണ് ഈ മനുഷ്യനെ ജീവിപ്പിച്ചത്.

അവസാനത്തെ നാടകത്തിലെ, പ്രേക്ഷകർക്ക് പരിചയപ്പെടുത്താനാവാതെ പോയ കഥാപാത്രമാണ് ദമയന്തി. അരങ്ങിലെത്താനാവാത്ത കഥാപാത്രം നാടകകൃത്തിനോട് പരാതി പറയുന്ന മായക്കാഴ്ചയെക്കുറിച്ചുള്ള വിവരണം വായിക്കാൻ ശാന്തന്റെ പേജിലേക്കു വീണ്ടും വീണ്ടും പോവുകയാണിപ്പോൾ കോഴിക്കോടൻ കാണികൾ.

അഞ്ചുവർഷം മുമ്പ് പിടികൂടിയ രക്താർബുദത്തെ രണ്ടുവർഷത്തിനകം കീഴടക്കിക്കൊണ്ട് നാടകങ്ങളിലൂടെ വീണ്ടും അരങ്ങിൽ തെളിയുകയായിരുന്നു ശാന്തൻ. കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥിജീവിതകാലം മുതൽ എന്തിനും ഒപ്പമുള്ള സൗഹൃദങ്ങളായിരുന്നു എന്നും അദ്ദേഹത്തിന്റെ ബലം. അവിടെ ഫൈൻ ആർട്‌സ് സെക്രട്ടറിയായിരുന്നു ശാന്തകുമാർ. രാഷ്ട്രീയം നോക്കാതെ എല്ലാവരുടെയും വോട്ടുനേടി ജയിച്ച സ്ഥാനാർഥി. ‘ശാന്തൻ’ എന്നു കൂട്ടുകാർക്കിടയിൽ വിളിപ്പേരുള്ള ആ ചെറുപ്പക്കാരനെ അത്രമേൽ ഇഷ്ടമായിരുന്നു എല്ലാവർക്കും. രോഗം വന്നപ്പോഴും അവർ ഒപ്പം നിന്നു. ചികിത്സാസഹായം നൽകി ചങ്ങാതിയെ ജീവിതത്തിലേക്കും നാടകത്തിലേക്കും വീണ്ടും കൊണ്ടുവരാൻ ആവതുശ്രമിച്ചു.

എന്നാൽ, ഒന്നു പിൻവാങ്ങിനിന്ന രോഗം വീണ്ടും അദ്ദേഹത്തെ കീഴ്‌പ്പെടുത്തി. കോഴിക്കോട് ടൗൺഹാളിൽ 2019 സെപ്റ്റംബർ 26-ന് അരങ്ങേറിയ ‘ഗുളികനും കുന്തോലനും’ ആണ് ശാന്തകുമാർ സംവിധാനം ചെയ്ത് അരങ്ങിലെത്തിയ അവസാന നാടകം. അതുകാണാൻ ടൗൺഹാൾ നിറഞ്ഞുകവിഞ്ഞ് കാണികളെത്തിയതിന്റെ ഓർമ ആ നാടകത്തിന്റെ രചയിതാവായ രാധാകൃഷ്ണൻ പേരാമ്പ്ര പങ്കിടുന്നു. ലൈംഗികത്തൊഴിലാളികൾക്കു വേണ്ടി രചനയും സംവിധാനവും നിർവഹിച്ച ‘ഒറ്റ രാത്രിയുടെ കാമുകിമാർ’, സ്വവർഗാനുരാഗികൾക്കുവേണ്ടി രചിച്ച ‘അവസാനചുംബനം’ എന്നീ നാടകങ്ങൾ ശ്രദ്ധേയമാണ്. അരയ്ക്കു കീഴെ തളർന്ന, ജയൻ എന്ന നാടക നടനുവേണ്ടി രചനയും സംവിധാനവും നിർവഹിച്ച ‘മരം പെയ്യുന്നു’ എന്ന നാടകവും കേരളത്തിനകത്തും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ടു.

1995 മുതൽ 2000 വരെ കുരുവട്ടൂർ ഗ്രാമപ്പഞ്ചായത്തംഗമായിരുന്നു ശാന്തകുമാർ. നാടകവും രാഷ്ട്രീയവും വെവ്വേറെയായിരുന്നില്ല അദ്ദേഹത്തിന്. നാടകം കൊണ്ടുമാത്രമേ ജീവിക്കൂ എന്ന ദൃഢനിശ്ചയമെടുത്ത് കോളേജ് വിട്ട ശാന്തകുമാർ സർവകലാശാലാ ഇന്റർസോൺ മത്സരങ്ങൾക്ക് ഒട്ടേറെ കോളേജുകൾക്കായി നാടകങ്ങളൊരുക്കി. നാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് നിലമ്പൂർ ബാലൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ് അവാർഡ്, ബാങ്ക്‌മെൻസ് സംസ്ഥാന അവാർഡ്, തോപ്പിൽ ഭാസി അവാർഡ്, ബാലൻ കെ. നായർ അവാർഡ്, അറ്റ്‌ലസ് കൈരളി അവാർഡ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, അബുദാബി ശക്തി അവാർഡ്, ഇടശ്ശേരി അവാർഡ്, ബഹറൈൻ നാടകവേദിയുടെ ഭരത് മുരളി അവാർഡ്, പവനൻ ഫൗണ്ടേഷൻ അവാർഡ് തുടങ്ങിയവ ഉൾപ്പെടെ അമ്പതിലേറെ പുരസ്കാരങ്ങൾ ഇതിനിടെ തേടിയെത്തി .

‘സ്വപ്നവേട്ട’ എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഡ്രീം ഹണ്ട് എന്ന പേരിൽ ഓക്സ്‌ഫഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചു. ഇത് കേരള, കാലിക്കറ്റ് സർവകലാശാലകളിൽ ഇംഗ്ലീഷ് വിദ്യാർഥികളുടെ പഠന വിഷയവുമായി. കാക്കക്കിനാവ് എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യൻ ലിറ്ററേച്ചർ പ്രസിദ്ധീകരിച്ചു. ഈ നാടകം കേന്ദ്ര സർവകലാശാല ഇംഗ്ലീഷ് വിഭാഗത്തിലെ പഠന വിഷയമായി.

രോഗം വേട്ടയാടുന്നതിനിടയിലും നാടകത്തിന്റെ അരങ്ങുകൾ സ്വപ്നം കണ്ട കലാകാരൻ ഒടുവിൽ മടങ്ങുന്നു, കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് വിട്ടുകൊടുത്തുകൊണ്ട്...