വടകര : എടച്ചേരിയിൽ കിണർ ഇടിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ മരുതോങ്കര ചീനംവീട്ടിൽ പൊക്കനെ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയ യുവാവിന് പാമ്പുകടിയേറ്റു. പൊക്കന്റെ മകൻ നിഖിൽലാലിനൊപ്പം എത്തിയ മരുതോങ്കര സ്വദേശി സജേഷിനാണ് ആശുപത്രിക്ക്‌ പുറത്തുവെച്ച് പാമ്പുകടിയേറ്റത്.

ആശ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊക്കനെ കണ്ടശേഷം ഭക്ഷണം കഴിക്കാനായി പുറത്തേക്ക് ഇറങ്ങിയതായിരുന്നു ഇവർ. ഭക്ഷണം കഴിച്ച് മുഖം കഴുകുന്നതിനിടെയാണ് ചൂണ്ടുവിരലിൽ എന്തോ കടിച്ചത്. പാമ്പാണെന്ന് സംശയം ഉയർന്നതോടെ ഉടൻതന്നെ ആശുപത്രിയിൽ ചികിത്സ തേടി. രക്തപരിശോധനയിൽ വിഷാംശമുണ്ടെന്ന് വ്യക്തമായതോടെ ആദ്യഡോസ് ആന്റിവെനം നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.